‘അച്ഛ’ടക്കത്തോടെ വീട്ടിലേക്ക് ... കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറിസ്കൂളിന് പുറത്ത് പൊലീസ് സുരക്ഷയൊരുക്കി നിൽക്കുമ്പോൾ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക്
മടങ്ങുന്ന വിദ്യാർഥികൾ പി. അഭിജിത്ത്
കോഴിക്കോട്: പരീക്ഷ ചൂടൊഴിഞ്ഞ് എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാർഥികൾ. ഇനി പെരുന്നാൾ, വിഷു, ഈസ്റ്റർ ആഘോഷമെല്ലാമുള്ള വേനലവധിയാണ്.
പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസം വിദ്യാര്‍ഥികളുടെ മുഖത്ത് പ്രകടമായിരുന്നെങ്കിലും വര്‍ഷങ്ങളോളം കൂടെ പഠിച്ച കൂട്ടുകാരെ വിട്ടുപിരിയുന്നതിലെ സങ്കടമാണ് പലരും പങ്കുവെച്ചത്. ഒന്നാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷൾ മാർച്ച് 29നാണ് അവസാനിക്കുക.
മാർച്ച് മൂന്നിനായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്. കോഴിക്കോട്, വടകര, താമരശ്ശേരി എന്നീ മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ആകെ 204 പരീക്ഷ കേന്ദ്രങ്ങളിലായി 43,904 പേരാണ് ജില്ലയിൽ പരീക്ഷയെഴുതാനുണ്ടായിരുന്നത്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലാണ് -1067 പേർ. കുറവ് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ പറയഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് -ആറുപേർ. മൂവായിരത്തിൽ പരം അധ്യാപകരെയായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിക്കായി ജില്ലയിൽ നിയോഗിച്ചത്.
പത്താം ക്ലാസിന്റെ അർധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയിൽ കൊടുവള്ളിയിലെ എം.എസ് സൊലൂഷൻസ് സി.ഇ.ഒ ശുഹൈബിനെയും മറ്റു മൂന്നുപേരെയും പൊലീസ് അറസ്റ്റുചെയ്ത പശ്ചാത്തലത്തിൽ പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകൾ സ്കൂളിലെത്തിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമെല്ലാം വലിയ സുരക്ഷയാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നത്.
ഒറ്റപ്പെട്ട ആക്ഷേപങ്ങളൊഴിച്ചാൽ കാര്യമായ പരാതിളില്ലാതെയാണ് ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കടന്നുപോയത്. വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷ നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നതിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ടും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.