കോഴിക്കോട്: മഴക്കാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. മഴ ശക്തമായിട്ടില്ലെങ്കിലും ജില്ലയിൽ പകർച്ചപ്പനി വർധിക്കുന്നുണ്ട്. മഴക്കാലത്തിനുമുമ്പ് പത്തും ഇരുപതും പനിബാധിതർ എത്തിയിരുന്ന ഒ.പികളിൽ ഇപ്പോൾ നൂറിനു മുകളിൽ പേരാണ് ദിനംപ്രതി ചികിത്സ തേടുന്നത്. സമീപദിവസങ്ങളിൽ 1500ഓളം പകർച്ചപ്പനി കേസുകളാണ് സർക്കാർ ആശുപത്രികളിലെ ഒ.പികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സ്വകാര്യ ആശുപത്രികളിലും ഇത്രത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ല ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം 1374 പേരാണ് പനിബാധിച്ച് കഴിഞ്ഞ ദിവസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. വെള്ളത്തിലൂടെയും കൊതുകുകളിലൂടെയും മാലിന്യങ്ങളിലൂടെയുമാണ് മഴക്കാലത്ത് രോഗങ്ങൾ പടരുന്നത്. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള രോഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.
അതിനാൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കൽ അത്യാവശ്യമാണ്. മഴ ശക്തമാവുന്നതോടെ പകർച്ചപ്പനി ബാധിച്ചവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു കവിയുന്നത് പതിവാണ്. കൃത്യമായ ജാഗ്രത പാലിച്ചാൽ ഇതിനെ ഒരുപരിധിവരെ പ്രതിരോധിക്കാനാവും.
വീടിനുള്ളിലെ റഫ്രിജറേറ്ററിന്റെ ട്രേ, ഇൻഡോർ ചെടികൾ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകിയേക്കാം. ഇത്തരം ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയോ വെള്ളം കെട്ടിക്കിടക്കാത്ത വിധം സജ്ജീകരിക്കുകയോ ചെയ്യണം.
മെഡിക്കൽ കോളജ് ആശുപത്രി സജ്ജം
മഴക്കാല പകർച്ചവ്യാധികളെ നേരിടാൻ മെഡിക്കൽ കോളജ് സംവിധാനങ്ങൾ സജ്ജമാണെന്ന് സൂപ്രണ്ട് അറിയിച്ചു. പകർച്ചപ്പനി ബാധിക്കുന്നവരെ മരുന്നു നൽകി വീടുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഡെങ്കിപ്പനി പോലുള്ളവക്കാണ് കിടത്തിച്ചികിത്സ ആവശ്യമായിവരുക. രോഗികൾ കൂടുകയാണങ്കിൽ 31ാം വാർഡ് അവർക്കായി മാറ്റിവെക്കും. അതിലും ഉൾക്കൊള്ളാതെ വരുകയാണെങ്കിൽ പഴയ കാഷ്വാലിറ്റി വാർഡ് ഉപയോഗിക്കാനാണ് തീരുമാനം.
മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണ പദാർഥങ്ങളിലൂടെയും പകരുന്ന ജലജന്യരോഗങ്ങളായ വയറിളക്കം, ഷിഗല്ല, ടൈഫോയ്ഡ്, കോളറ എന്നീ രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത പുലർത്തണം. മഴക്കാലത്ത് വെള്ളം തിളപ്പിച്ചാറ്റിക്കുടിക്കലാണ് ഉത്തമം. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ ഇത് ചെറുക്കും. ഭക്ഷണം മൂടിവെച്ച് ഉപയോഗിക്കുകയും അനധികൃതമായതും വൃത്തിഹീനമായ സാഹചര്യങ്ങളിലും ഉണ്ടാക്കുന്ന ഭക്ഷണ പദാർഥങ്ങൾ വാങ്ങി കഴിക്കാതിരിക്കുകയും ചെയ്യുക.
മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കണം. പ്ലാസ്റ്റിക്കടക്കമുള്ള അജൈവ മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി സംസ്കരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
മലിനജലത്തിലും ചളിയിലും മതിയായ കൈയുറകളോ മറ്റു സുരക്ഷ സംവിധാനങ്ങളോയില്ലാതെ ഇടപഴകുന്നത് എലിപ്പനി പോലുള്ള മാരക പകർച്ചവ്യാധികൾ പകരാൻ കാരണമാകും. ചളിയിലോ വെള്ളത്തിലോ ശുചീകരണ പ്രവർത്തനത്തിനിറങ്ങുമ്പോൾ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ കഴിക്കുക.
വൈറൽ പനി, അതിസാരം, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, ചികുൻഗുനിയ, ഡെങ്കിപ്പനി, മലമ്പനി, മഞ്ഞപ്പനി, എലിപ്പനി, സിക വില്ലൻ ഈഡിസ് കൊതുകുകൾ
വളരെയേറെ ശ്രദ്ധവേണ്ട മഴക്കാല രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകളാണ് ഇത് പരത്തുന്നത്. കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുക. ചിരട്ടകൾ, പ്ലാസ്റ്റിക്, കുപ്പി, ടയർ, ചെടിച്ചട്ടികൾ, തുറന്ന ടാങ്കുകൾ, ടെറസുകൾ, കമുകിൻ പാള ഇവയിലെല്ലാം കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഈഡിസ് കൊതുകുകൾ വളരും. അതിനാൽ വീടിന്റെയും സ്ഥാപനങ്ങളുടെയും പരിസരത്ത് ഇത്തരം സാഹചര്യങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.
പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണിക്കണം. സ്വയം ചികിത്സ നടത്തുന്നതും ചികിത്സ തേടാതെ നീട്ടിവെക്കുന്നതും രോഗം ഗുരുതരമാകുന്നതിനും മരണംവരെ സംഭവിക്കുന്നതിനും കാരണമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.