കോഴിക്കോട്: അധ്യാപനം ആസ്വദിച്ച 32 വർഷങ്ങൾ പിന്നിട്ട് ഇന്റർനാഷനൽ ഫിഡെ റേറ്റഡ് ചെസ് താരം എം.സി. മനോജ് ജെ.ഡി.ടി ഇസ്ലാം വൊക്കേഷനൽ ഹയർസെക്കൻഡറിയുടെ പടിയിറങ്ങി. ഇനി ചതുരംഗം പരിശീലിപ്പിക്കുന്ന വിദ്യാലയം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഈ സുവോളജി അധ്യാപകൻ.
പ്രിയ മാഷ് വിരമിച്ച വിവരമറിഞ്ഞ് പൂർവ വിദ്യാർഥികളും അദ്ദേഹത്തെ അറിയുന്നവരും സ്നേഹാദരവുമായി തേടിവരുകയാണ്. അത്രമേൽ പ്രചോദകനായിരുന്നു മാഷെന്ന് പൂർവവിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. വിരമിക്കുന്നതിന്റെ ഭാഗമായി മുഴുവൻ സഹപ്രവർത്തകർക്കും വസ്ത്രവും മറ്റു സമ്മാനങ്ങളും നൽകി.
വിദ്യാർഥികൾക്കൊന്നടങ്കം ഭക്ഷണവിരുന്നൊരുക്കി. മൂന്നുമാസത്തോളമായി ജെ.ഡി.ടിയിലെ വിവിധ സ്ഥാപനങ്ങളിൽ അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങുകളാണ്. പഠിക്കാൻ പിന്നിലുള്ളവരെയും മറ്റു വിഷമങ്ങൾ അനുഭവിക്കുന്നവരെയും ചേർത്തുപിടിച്ച് വഴികാട്ടിയായി പ്രവർത്തിച്ചതിന്റെ ആത്മനിർവൃതിയിലാണ് മനോജ് മാഷ്.
വെള്ളിമാട്കുന്ന്-കോവൂർ ബൈപാസിൽ ചെമ്പകശ്ശേരി മനയിലാണ് താമസം. ഇവിടം വിദ്യാർഥികളുടെ സങ്കേതം കൂടിയായിരുന്നു. മനയിലെ കൃഷിയും പരിസ്ഥിതിസൗഹൃദ അന്തരീക്ഷവും പഠിക്കാനും ആസ്വദിക്കാനും കുട്ടികൾക്ക് അവസരം നൽകുമായിരുന്നു. വിദേശ പഴങ്ങളും അപൂർവസസ്യങ്ങളുമുൾപ്പെടെ അമൂല്യ ജൈവസമ്പത്തിന്റെ ഇടം കൂടിയാണ് ചെമ്പകശ്ശേരി മന.
2012ൽ സംസ്ഥാന സർക്കാറിന്റെ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. സുവോളജി അധ്യാപകനായി 1991ലാണ് ജെ.ഡി.ടിയിൽ ചേർന്നത്. വൊക്കേഷനൽ ഹയർസെക്കൻഡറിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. മുൻ കേരള സ്റ്റേറ്റ് യൂത്ത് ചെസ് ചാമ്പ്യനും കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെസ്ചാമ്പ്യനുമാണ്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ബയോളജി ടെക്സ്റ്റ്ബുക്ക് രചിച്ചിട്ടുണ്ട്.
നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക യൂനിയൻ ഭാരവാഹിയായും സംസ്ഥാന കലോത്സവങ്ങളിൽ സംഘാടകനായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച കർഷകൻ കൂടിയാണ്. കൃഷിയിടത്തോട് ചേർന്നാണ് ചെസ് അക്കാദമി തുടങ്ങാൻ പദ്ധതി.
പിതാവ് വാസുദേവൻ നമ്പൂതിരിയും ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ ബിന്ദു ഹിമായത്ത് ഹയർസെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര അധ്യാപികയാണ്. എൻജിനീയർമാരായ ആദിത്യ, അനഘ എന്നിവർ മക്കളാണ്. മാതാവ്: സാവിത്രി അന്തർജനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.