മാധ്യമം എജുകഫേയിൽ നടന്ന സക്സസ് ചാറ്റ് സെഷനിൽനിന്ന്
കോഴിക്കോട്: നൂതന ആശയങ്ങളും മികവിന്റെ കഥകളും പങ്കുവെച്ച്, വൈവിധ്യമാർന്ന അവസരങ്ങളുടെ ചെപ്പ് തുറന്ന്, കുട്ടികളിൽ ആത്മവിസ്വാസം നിറച്ച് രണ്ടു ദിവസങ്ങളിലായി കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന മാധ്യമം എജുകഫേക്ക് പ്രൗഢോജ്വല സമാപനം.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന എക്സ്പോയിൽ പങ്കെടുക്കാൻ ആയിരങ്ങളാണെത്തിയത്. കേരളത്തിലെ ഏറ്റവും വലിയ എജു കരിയർ എക്സ്പോയുടെ ആദ്യ ഇവന്റിന്റെ രണ്ടാംദിനവും സദസ്സും സ്റ്റാളുകളും നിറഞ്ഞുകവിഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും മേളയിൽ എത്തിയിരുന്നു.
വിദേശപഠന സാധ്യതകളും കരിയർ സാധ്യതകളും പരിചയപ്പെടുത്തുന്നതിന് പ്രത്യേക സംവിധാനംതന്നെ എജുകഫേയിൽ ഒരുക്കിയിരുന്നു. കൂടാതെ അഭിരുചി ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് പ്രവർത്തനങ്ങൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ തുടങ്ങിയവയും എജുകഫേയെ ധന്യമാക്കി. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്നതിന് സൈക്യാട്രിക് കൗൺസിലർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.
കോഴിക്കോട്: ആവേശഭരിതമായ ജീവിതത്തിന്റെ റിയൽ സ്റ്റോറികൾ പങ്കുവെച്ച് എജുകഫേയിൽ സക്സസ് ചാറ്റ്. പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ പ്ലസ്ടുവരെ പഠിച്ച് കീമിൽ രണ്ടാം റാങ്ക് നേടിയ ഡോ. അമർ ബാബുവാണ് തന്റെ തീപാറുന്ന അനുഭവങ്ങൾ പങ്കുവെച്ച് പറച്ചിലിന് തുടക്കമിട്ടത്.
മോഹങ്ങളൊന്നുമില്ലാതെയുള്ള പഠിപ്പിനിടയിൽ ആകസ്മികമായി കടന്നുവന്ന മെഡിസിൻ ചിന്തയും കഠിനപ്രയത്നത്തിലൂടെ നേടിയ റാങ്കും ആഗ്രഹിച്ച മെഡിക്കൽ കോളജിലുള്ള പി.ജി പഠനവും കേൾവിക്കാരിൽ ഏറെ ആത്മവിശ്വാസവും പ്രേരണയുമുണർത്തി.
മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഓർമ ശക്തിയെ ബാധിക്കും. ഫോൺ ഉപയോഗം കുറച്ചാലേ പഠിച്ച് മുന്നേറാൻ കഴിയൂ. ആഗ്രഹം സഫലീകരിക്കാൻ സാഹചര്യങ്ങൾ മനസ്സിലാക്കി അവസരങ്ങൾ കണ്ടറിഞ്ഞ് പഠിക്കണം. - ഡോ. എസ്. അനന്തു
കാലിക്കറ്റ് സർവകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് വകുപ്പിലെ അസി. പ്രഫസറും ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യുട്ടിന്റെയും ഇൻഡിജിനിയസ് കൾചറൽ ഹെറിറ്റേജ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റിന്റെ യുനസ്കോ ചെയർ ഡയറക്ടറുമായ സി. ഹരികുമാർ വെളിപ്പെടുത്തിയ ചരിത്രം യൂനിവേഴ്സിറ്റിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾകൂടിയാണ്.
കോഴിക്കോട് ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടിവായ ഫഹദ് റസ പറഞ്ഞത് ജയവും തോൽവിയും ഒരുമിച്ചുനിന്ന കാലത്ത് കഠിനാധ്വാനത്തിലൂടെ വിജയങ്ങൾ മാത്രമെത്തിച്ച വഴികളെക്കുറിച്ചാണ്. എസ്.എസ്.സിയുടെ വിവിധ മത്സര പരീക്ഷകളിൽ ഒരുമിച്ചെത്തിയ റാങ്കുകളാണ് ഫഹദ് റസയുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം.
ഐ.ഐ.ടിയിലും എൻ.ഐ.ടിയിലും പഠിച്ചില്ലെങ്കിലും അത്തരം സ്ഥാപനങ്ങളിൽ പഠിച്ചവർക്ക് ജോലി നൽകുന്നതിലുള്ള സന്തോഷമാണ് കമ്പ്യൂട്ടർ ബിരുദം നേടിയ സംരംഭകനായ ഫാസിൽ കാരാട്ട് പങ്കുവെച്ചത്.
മദ്രാസ് ഐ.ഐ.ടിയിൽനിന്ന് റാങ്ക് നേടിയ മുഹമ്മദ് ഇഖ്ബാലിന് പറയാനുണ്ടായിരുന്നത് കണക്കിലേക്കുള്ള താൽപര്യത്തെക്കുറിച്ചാണ്. കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ നൽകിയ ശീട്ടാണ് കണക്കിൽ താൽപര്യം ജനിപ്പിച്ചത്. വൻകിട കമ്പനിയിൽ എൻജിനീയറായി ജോലി ലഭിച്ചിട്ടും കണക്കിനോടുള്ള താൽപര്യംമൂലം മാത്രമാണ് സൈലം ലേണിങ്ങിൽ മുഹമ്മദ് ഇഖ്ബാൽ കണക്ക് വിഭാഗം മേധാവിയായത്.
ഗേറ്റ് പരീക്ഷയിൽ റാങ്ക് നേടിയ അനുഭവങ്ങളാണ് എൻജിനീയറായ മുഹമ്മദ് സിനാൻ പങ്കുവെച്ചത്. കർഷകയായി വീട്ടിൽ ഒതുങ്ങിക്കൂടിയ ബിന്ദു ജോസ് സൈക്കോളജിസ്റ്റും സംരംഭകയുമായി മാറി. മികച്ച കർഷക സംരംഭക്കുള്ള ദേശീയ പുരസ്കാരവും തേടിയെത്തി.
ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും സാമ്പത്തിക സ്വാതന്ത്ര്യം നേടണം. പെൺകുട്ടികൾ അവരുടെ അഭിരുചിക്കനുസരിച്ചുള്ള സാധ്യതകൾ കണ്ടെത്തണം. വരുമാനം ചെറുതാണെങ്കിൽ സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ശ്രമിക്കാം. - ഡോ. ഷിംന അസീസ്
കോഴിക്കോട്: ലഹരിക്കെതിരെ പഴുതുകളില്ലാത്ത പ്രതിരോധമാർഗം തീർക്കണമെന്ന ആവശ്യമുയർത്തി എജുകഫേക്ക് സമാപനം. അവസാനമായി നടന്ന ഡോക്ടർമാരുടെ പാനൽ ചർച്ചകളാണ് കുട്ടികളിലെ ലഹരിക്കെതിരെ രക്ഷിതാക്കളുടെ കരുതൽ ഊന്നിപ്പറഞ്ഞത്. കുട്ടികൾ ലഹരി ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം ആദ്യം ഉണ്ടാകേണ്ടത് വീടുകളിലാണെന്ന് വിലയിരുത്തി.
ആർദ്ര മോഹൻ, ഡോ. ഫാത്തിമ സഹീർ, ഗായത്രി രാജൻ എന്നിവർ പാനൽ ചർച്ചയിൽ
ചെറുപ്പത്തിലേ വയലൻസ് കണ്ടുവരുന്നതോടുകൂടി തലച്ചോറിന്റെ ഘടനതന്നെ മാറിവരുകയാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. ഡോക്ടർമാരായ ആർദ്ര മോഹൻ, ഫാത്തിമ സഹീർ, ഗായത്രി രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രേവതി സുധ പ്രകാശ് മോഡറേറ്ററായി.
കടുത്തപ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അതിജയിച്ച് ജീവിതം തിരുത്തിക്കുറിച്ചവരുടെ കഥകളോരോന്നായി ലിജീഷ് കുമാർ വിവരിച്ചപ്പോൾ സദസ്സിൽനിന്ന് നിറഞ്ഞ കൈയടി. ജീവിത പ്രതിസന്ധിയിൽ പഠനം മുടങ്ങിയവരുടെയും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ രക്ഷിതാക്കൾക്കൊപ്പം പകൽ മുഴുവൻ പണിയെടുത്തവരുടെയും വലിയ സ്വപ്നനങ്ങളെത്തിപ്പിടിച്ച കഥൾ സദസ്സിന് ഏറെ പ്രചോദനമായി.
ലിജീഷ്കുമാർ
നിരന്തരം സ്വപ്നം കണ്ടുകൊണ്ടിരിക്കണമെന്നും തോൽവികളിലും പ്രതിസന്ധികളിലും തളരാതെ മുന്നോട്ടുപോകണമെന്നും സൈലം ലേണിങ് ഡയറക്ടർ ലിജീഷ് നിർദേശിച്ചു. ജീവിതത്തിന്റെ ഗതി നിർണയിക്കുക വർഷങ്ങളല്ല, നിരന്തര പരിശ്രമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾക്ക് പണികൊടുക്കാനല്ല, പ്രതിരോധത്തിനാണ് സൈബർ ഹാക്കിങ് പഠിക്കേണ്ടതെന്ന് ഇ കോമേഴ്സ് എക്സ്പേർട്ടിലെ സൈബർ നിയമ വിദഗ്ധൻ ജിയാസ് ജമാൽ. സൈബർ ഹാക്കിങ് രംഗത്തോട് താൽപര്യമുള്ളവർ സൈബർ തട്ടിപ്പ് വാർത്തകൾ വായിച്ച് എങ്ങിനെയെല്ലാമാണ് തട്ടിപ്പ് നടക്കുന്നതെന്ന് ആദ്യം മനസ്സിലാക്കണം.
ജിയാസ് ജമാൽ
എല്ലാ സ്വകാര്യകമ്പനികളും ഡാറ്റകൾ ഹാക്ക് ചെയ്യപ്പെടാതെ സൈബർ സുരക്ഷിതത്വം ഉറപ്പാക്കാൻ ഹാക്കർമാരെ നിയമിക്കുന്ന കാലമാണിത്. ഭാവിയിൽ ധാരാളം അവസരങ്ങൾ ഹാക്കർമാരെ കാത്തിരിക്കുന്നുണ്ട്. സർട്ടിഫിക്കറ്റിൽ അല്ല, നൈപുണ്യത്തിലാണ് കാര്യമെന്നും ജിയാസ് ജമാൽ കുട്ടികളോട് പറഞ്ഞു.
കോഴിക്കോട്: പരിജ്ഞാനത്തെക്കാളുപരി എങ്ങനെ കാര്യങ്ങളെ അവതരിപ്പിക്കണമെന്ന സംഭാഷണകലയുടെ പാഠങ്ങൾ പകർന്ന് ഇൻഫ്ലുവൻസർ വി.ആർ. രജനീഷ്. ജനപ്രീതിനേടിയ അവതാരകന്റെ മാസ്മരിക പ്രകടനം എജുകഫേയുടെ സമാപന ദിവസത്തെ ആവേശഭരിതമാക്കി. കവികൾ കാണാത്ത പാട്ടിന്റെ അർഥം തേടുന്ന നിരീക്ഷണപാടവവും ഇന്ററർവ്യൂ അനുഭവങ്ങളും രജനീഷ് പങ്കുവെച്ചു.
രജനീഷ്
വ്യക്തികളെയും പരീക്ഷകളെയും നേരിടാനുള്ള ആത്മവിശ്വാസം പകർന്നാണ് ഒരുമണിക്കൂറോളം നീണ്ട സെഷൻ അവസാനിപ്പിച്ചത്. ഉള്ളുതുറന്ന മനസ്സും സത്യസന്ധതമായ പെരുമാറ്റവും ജനസമ്മിതിയുടെ വലിപ്പം വർധിപ്പിക്കുമെന്ന് തെളിയിച്ചാണ് രജനീഷ് വേദി വിട്ടത്.
പുതുതലമുറക്ക് സർക്കാർ ജോലിയോട് പുച്ഛമാണെങ്കിലും നാട്ടിൽ സർക്കാർ ഉള്ളിടത്തോളം കാലം സർക്കാർ ജീവനക്കാർ സുക്ഷിതരായിരിക്കുമെന്നു സൈലം ലേണിങ് പി.എസ്.സി ഹെഡ് മൻസൂർ അലി കാപ്പുങ്ങൽ. അത് കൊണ്ടുതന്നെ പി.എസ്.സിയെ അവസാന ആശ്രയമായി കാണരുത്.
മൻസൂർ അലി കാപ്പുങ്ങൽ
കുറഞ്ഞ പ്രായത്തിൽ സർക്കാർ സർവിസിൽ കയറുന്നതാണ് അഭികാമ്യം. ആരെങ്കിലും വന്ന് രക്ഷിച്ചുകൊണ്ടുപോകുമെന്ന് കരുതരുത്. അവനവൻ മുന്നിട്ടിറങ്ങിയാലേ ലക്ഷ്യത്തിലെത്താനാവൂ എന്നും മാധ്യമം എജുകഫേയിൽ മൻസൂർ അലി പറഞ്ഞു.
സ്വപ്നങ്ങൾ ഉപേക്ഷിക്കാനുള്ളതല്ലെന്നും നേടിയെടുക്കാനുള്ളതാണെന്നും വിദ്യാർഥികളെ ഓർമിപ്പിച്ച് സിജി കരിയർ ട്യൂണർ ജാഫറലി അലിചേതു. ലക്ഷ്യത്തിലേക്കു നടന്നടുക്കാൻ കോഴ്സുകളെക്കുറിച്ചും എവിടെ പഠിക്കണം എന്നതിനെ കുറിച്ചും ധാരണയുണ്ടാവണം.
ജാഫറലി അലിചേതു
വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകൾ മനസ്സിലാക്കണം. എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞവർക്ക് തുടർ പഠനത്തിനുള്ള വിവിധ കേഴ്സുകളെക്കുറിച്ചും ജാഫറലി വിശദീകരിച്ചു.
ഐ.ടി മേഖലയിൽ സർട്ടിഫിക്കറ്റുകളേക്കാൾ പ്രധാനം ടെക്കികൾ ആർജിച്ചെടുക്കുന്ന നൈപുണ്യമാണെന്ന് ബ്രിഡ്ജിയോൺ സ്ഥാപകനും സി.ഇ.ഒയുമായ ജാബിർ ഇസ്മയിൽ. വിദ്യാർഥികൾ ഏറേ ആകാംക്ഷയോടെ നോക്കുന്ന ഐ.ടി മേഖലയിലെ തൊഴിൽ സാധ്യതകളും വെല്ലുവിളികളും ജാബിർ വിവരിച്ചപ്പോൾ കുട്ടികൾ സാകൂതം കേട്ടിരുന്നു.
ജാബിർ ഇസ്മയിൽ
പരമ്പരാഗത കോഴ്സുകൾക്കു പിന്നാലെ പോകാതെ തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ കണ്ടെത്തി എത്രയുംവേഗം തൊഴിൽ കണ്ടെത്തലാണ് എ.ഐ യുഗത്തിൽ അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു. ജോലിയോടൊപ്പം പഠനം തുടരാൻ വിദേശത്തേക്ക് ചേക്കേറേണ്ടതില്ലെന്നും കേരളത്തിൽ തന്നെ അതിന് അവസരങ്ങളുണ്ടെന്നും ജാബിർ വിവരിച്ചു.
വനത്തിൽ കയറി വന്യജീവികളെ കാമറയിൽ പകർത്തൽ അത്ര എളുപ്പമല്ലെന്ന് വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ വി.എം. സാദിഖലി. പ്രതിബന്ധങ്ങൾ ഏറെ താണ്ടണം. കാടിനെ നന്നായി അറിയാൻ ശ്രമിക്കലാണ് അതിന്റെ ആദ്യപടി.
വി.എം. സാദിഖലി
പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുമ്പോൾ അത് സംരക്ഷിച്ചു നിർത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണമെന്നും സാദിഖലി പറഞ്ഞു.
ജോലി ഉറപ്പാക്കാൻ കഴിയുന്ന കോഴ്സാണ് കോമേഴ്സ് എന്നും എ.ഐ ഭീഷണിയൊന്നും സാധ്യതകളെ ബാധിക്കില്ലെന്നും എ.സി.സി.എ മെംബർ മിഷാൽ ഹംസ. വിമർശനാത്മക ബുദ്ധി എ.ഐക്കില്ല. അതിന് മനുഷ്യൻ തന്നെ വേണം. ചാർട്ടേഡ് അകൗണ്ടൻസി കോഴ്സുകൾക്ക് ലോകത്തെവിടെയും സാധ്യത കൂടുതലാണ്. കിടമത്സരം നടക്കുന്ന കാലത്ത് നന്നായി പഠിച്ചാൽ മാത്രമേ മുന്നോട്ടുപോവാൻ സാധിക്കൂ.
മിഷാൽ ഹംസ
പുതിയ കാര്യങ്ങൾ നിരീക്ഷിച്ച് സ്വായത്തമാക്കിയാൽ മാത്രമേ മികച്ച കരിയർ കെട്ടിപ്പടുക്കാനാവൂവെന്നും എജുകഫേ സംവാദത്തിനിടെ മിഷാൽ ഹംസ കൂട്ടിച്ചേർത്തു. രാജ്യത്തും വിദേശത്തും ജോലി സാധ്യതകളുള്ള കോമേഴ്സ് കോഴ്സുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചിന്തിക്കാൻ പ്രാപ്തിയില്ലെങ്കിലും മനുഷ്യ പ്രവൃത്തിയെക്കാൾ വേഗവും കൃത്യതയുമുള്ളതാണ് എ.ഐ റോബോട്ടിക്സ്. റിയൽ ഇന്റലിജൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റോബോട്ടിക്സുകൾക്ക് വിദൂരസാധ്യതകളും പരിമിതികളുമുണ്ട്. -മാത്യൂസ് അബ്രഹാം
കാലം മാറുന്നതിനനുസരിച്ച് പാരന്റിങ്ങിൽ മാറ്റം വരുത്തണം. കുട്ടികൾ മാത്രമല്ല, രക്ഷിതാക്കളും കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കണം. കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോഴും ഈ മാറ്റം ഉൾക്കൊള്ളണം. - ടി. മുജീബ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.