കോഴിക്കോട്: ഹോട്ടൽവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നഗരത്തിലെ തെങ്ങുകയറ്റ തൊഴിലാളിയായ തമിഴ്നാട് സ്വദേശി മണിയാണ് തലശ്ശേരിയിൽനിന്ന് അറസ്റ്റിലായത്. കൊടുവള്ളി സ്വദേശി തണ്ണിമുണ്ടക്കാട് ഷൗക്കത്തിനുനേരെയായിരുന്നു ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ വധശ്രമമുണ്ടായത്.
റെയിൽവേക്കു സമീപം ഹോട്ടലിന്‍റെ മുൻഭാഗത്ത് ഉറങ്ങവെ ഷൗക്കത്തിന്‍റെ ദേഹത്ത് മണി തീകൊളുത്തുകയായിരുന്നു. സമീപത്തെ സി.സി.ടി.വി കാമറയിൽ കുപ്പിയിൽ കൊണ്ടുവന്ന വസ്തു ദേഹത്തേക്ക് ഒഴിക്കുന്നതിന്‍റെയും തീകൊളുത്തുന്നതിന്‍റെയും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഇതിൽനിന്നും ഷൗക്കത്തിന്‍റെ മൊഴിയിൽനിന്നുമാണ് കേസ് രജിസ്റ്റർ ചെയ്ത ടൗൺ പൊലീസിന് പ്രതി മണിയാണെന്ന് വ്യക്തമായത്. ഷൗക്കത്തും മണിയും ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നുവെന്നും അടുത്തിടെയുണ്ടായ വൈരാഗ്യമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ആക്രമണം നടന്നതിന് തൊട്ടടുത്തുള്ള ആക്രിക്കടയിലെ തൊഴിലാളിയാണ് ഷൗക്കത്ത്. എസ്.ഐ എ. അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ ഷൗക്കത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തലശ്ശേരിയിൽനിന്ന് കൊണ്ടുവരുന്നതിനിടെ പ്രതി എലത്തൂർ സ്‌റ്റേഷനിൽ ആത്മഹത്യക്കും ശ്രമിച്ചു. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് എലത്തൂർ സ്‌റ്റേഷനിൽ ഇറക്കിയപ്പോഴാണ് സംഭവം. ബാത്ത്‌റൂമിലെ ബൾബ് ഊരിമാറ്റി സ്വയം ഷോക്കേൽപിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ആത്മഹത്യാശ്രമത്തിനും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.