വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മോഷണം പോയ ബൈക്കുകൾ വടകര പൊലീസ് സ്റ്റേഷനിൽ
വടകര: വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മോഷണം പോയ ആറ് ബൈക്കുകളുമായി പ്രായപൂർത്തിയാകാത്ത അഞ്ചുപേർ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് വടകര പൊലീസിന്റെ പിടിയിലായത്. ബൈക്കുകൾ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ചേസിസ് നമ്പർ ചുരണ്ടിമാറ്റിയുമാണ് ഉപയോഗിച്ചിരുന്നത്. അഞ്ച് ബൈക്കുകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ഒരു ബൈക്ക് 4000 രൂപക്ക് സഹപാഠിക്ക് വിൽക്കുകയും ചെയ്തു.
ബൈക്കുകൾ വീടുകളിൽ കൊണ്ടുപോവാത്തതിനാൽ വിദ്യാർഥികൾ ഇവ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. വടകര മേഖലയിൽനിന്ന് ബൈക്കുകൾ നിരന്തരം മോഷണം പോകുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വടകര ഡിവൈ.എസ്.പിയുടെ പ്രത്യേക നിർദേശപ്രകാരം വടകര പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികൾ പിടിയിലായത്. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
കീർത്തി മുദ്ര തിയറ്റർ റോഡ്, മുനിസിപ്പൽ ഓഫിസ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ പാർക്കിങ് ഫീസ് നൽകാതെ റോഡരികിൽ പാർക്ക് ചെയ്ത ബൈക്കുകളാണ് കവർന്നത്. ഈ ഭാഗങ്ങളിൽ സി.സി.ടി.വി. കാമറ ഇല്ല. പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് തുടരെ ബൈക്കുകൾ അപ്രത്യക്ഷമാവുന്നത് പൊലീസിന് തലവേദനയായി മാറിയിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. പൊലീസിന്റെ വാഹന പരിശോധനക്കിടെ മൂന്ന് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് പിടികൂടിയിരുന്നു. ഇതിന്റെ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ ചുരളഴിഞ്ഞത്. മോഷണത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
കടിയങ്ങാട്, മേപ്പയൂർ ഭാഗങ്ങളിലുള്ള ചില വിദ്യാർഥികളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ കഴിയുന്നതോടെ കൂടുതൽ പേർ കസ്റ്റഡിയിലാവുമെന്നാണ് സൂചന. എസ്.ഐ എം.കെ. രജ്ജിത്ത്, എ.എസ്.ഐ. ഗണേശൻ, എസ്.സി.പി.ഒ. ബൈജു, ബിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.