കോഴിക്കോട്: ഞെളിയൻപറമ്പിൽ മാലിന്യം നീക്കാൻ കോർപറേഷൻ സോണ്ട കമ്പനിക്ക് നൽകിയ 30 പ്രവൃത്തി ദിവസത്തെ കാലാവധി ബുധനാഴ്ച തീരും. ബയോമൈനിങ്, കാപ്പിങ്, ബയോമൈനിങ്ങിന്റെ ഭാഗമായുള്ള ആർ.ഡി.എഫ് നീക്കം ചെയ്യൽ എന്നിവയാണ് കമ്പനി ചെയ്യേണ്ടത്.
ഇതിൽ ബയോമൈനിങ് 80 ശതമാനത്തോളം പൂർത്തിയായതായാണ് ഏറ്റവും പുതിയ കണക്ക്. കാപ്പിങ്ങും പുരോഗമിക്കുന്നു. എന്നാൽ, ആർ.ഡി.എഫ് ഇനിയും നീക്കാനുണ്ട്. മഴക്കുമുമ്പ് പൂർത്തിയായില്ലെങ്കിൽ പണി ഇനിയും നീളും. മഴ പെയ്താൽ ബയോമൈനിങ് തീരെ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് കമ്പനി പറയുന്നു.
മാർച്ച് 30ന് കോർപറേഷൻ കൗൺസിൽ യോഗമാണ് പിഴ ചുമത്തി കരാർ പുതുക്കി നൽകിയത്. 30 പ്രവൃത്തി ദിവസത്തിനകം പണി തീർക്കണമെന്നായിരുന്നു നിർദേശം. കാപ്പിങ്ങിനു ശേഷമുള്ള തുടർപ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
വിവിധ മേഖലകളായി തിരിച്ചാണ് പണി. ആർ.ഡി.എഫ് നീക്കം ചെയ്യാനുള്ള യന്ത്രങ്ങൾ സജ്ജമായി. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റ് നിർമാണത്തിനു മുന്നോടിയായാണ് ബയോമൈനിങ് ചെയ്യുന്നത്. 6.5 ഏക്കർ സ്ഥലത്തെ നിലവിലുള്ള മാലിന്യം നീക്കി സ്ഥലം വീണ്ടെടുക്കാനും 2.8 ഏക്കർ സ്ഥലത്ത് കാപ്പിങ് നടത്താനുമാണ് കരാർ.
2019 ഡിസംബർ 10ന് സോണ്ട കമ്പനിയുമായി കോർപറേഷൻ 7.77 കോടിയുടെ കരാറാണ് ഒപ്പിട്ടത്. ജി.എസ്.ടി.ക്കു പുറമെയാണിത്. പലവട്ടം കരാർ നീട്ടിനൽകി. നാലു തവണയായി ജി.എസ്.ടിയുൾപ്പെടെ 3.7 കോടി കോർപറേഷൻ സോണ്ടക്ക് നൽകി. പണി വൈകിപ്പിച്ചതിന് കൗൺസിൽ 38.85 ലക്ഷം രൂപ പിഴയും ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.