കാലിക്കറ്റ് സർവകലാശാലയിൽ എത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർ
തേഞ്ഞിപ്പലം: ഗവർണറും സർവകലാശാല ഡിപ്പാർട്മെന്റ് യൂനിയൻ ചെയർമാനും തമ്മിൽ വാക്പോര്. സെനറ്റ് യോഗത്തിനു ശേഷം നടന്ന ഇന്ററാക്ടിവ് സെഷനിൽ രാഷ്ട്രീയത്തിന്റെ പിന്നാലെ പോവേണ്ടവരല്ല വിദ്യാർഥികളെന്നും പഠനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ചാൻസലറായ ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു.
ഉടനെ സർവകലാശാല ഡിപ്പാർട്മെന്റ് യൂനിയൻ ചെയർമാൻ എം.എസ്. ബ്രവിം തന്റെ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തുവന്നു. ജനാധിപത്യത്തിൽ രാഷ്ട്രീയത്തിന് കൃത്യമായ പ്രാധാന്യമുണ്ടെന്നും അത് കാമ്പസുകളിൽ തുടരുമെന്നും ബ്രവിം പറഞ്ഞു.
ഇതോടെ ചാൻസലർ ആ നിലപാട് തെറ്റാണെന്ന് പറഞ്ഞു. ഗവർണറുടെ നിലപാടിനോട് ഒരു നിലക്കും യോജിക്കാൻ കഴിയില്ലെന്ന് ബ്രവിം ഉൾപ്പെടെയുള്ള വിദ്യാർഥി നേതാക്കളും തീർത്തുപറഞ്ഞു. ഇതോടെ ഗവർണറും വൈകാരികമായി പ്രതികരിച്ചു.
അതേസമയം, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർ, എസ്.എഫ്.ഐ സ്ഥാപിച്ച ബാനറിനെ വിമർശിച്ച് പ്രസ്താവന നടത്തിയിരുന്നു. ‘ചാൻസലറെയാണ് വേണ്ടത്, സവർക്കറെയല്ല’ എന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. സവർക്കർ എന്നാണ് രാജ്യത്തിന്റെ ശത്രുവായി മാറിയതെന്ന് ചോദിച്ച ഗവർണർ രാജ്യത്തിനായി ത്യാഗം ചെയ്തയാളാണ് സവർക്കറെന്നും പറഞ്ഞു.
“പുറത്ത് സ്ഥാപിച്ച ഒരു ബാനർ ഞാനിപ്പോൾ വായിച്ചു. ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, സവർക്കറെയല്ല എന്ന് അതിൽ എഴുതിയിരിക്കുന്നു. സവർക്കർ ഈ രാജ്യത്തിന്റെ ശത്രുവായിരുന്നോ? ചാൻസലർ ഇവിടെയുണ്ട്. ചാൻസലറോട് നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യൂ. എന്നാൽ, സവർക്കർ എന്തു മോശം കാര്യമാണ് ചെയ്തത്? സ്വന്തം കുടുംബത്തെപ്പോലും മറന്ന് മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിച്ചയാളാണ് അദ്ദേഹം. ഞാൻ ഇത്തരത്തിൽ സംസാരിക്കണമെന്ന് കരുതിയതല്ല, പക്ഷേ ബാനർ എന്നെ അതിനു നിർബന്ധിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ല’’ -ഗവർണർ പറഞ്ഞു.
സവർക്കർ ചെയ്ത കാര്യങ്ങൾ ശരിയായി പഠിക്കാതെയാണ് ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത്. വിദ്യാർഥികൾക്ക് ശരിയായ അറിവോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ല. വൈസ് ചാൻസലർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സർവകലാശാല സന്ദർശനവേളയിലാണ് എസ്.എഫ്.ഐ ഈ ബാനർ സ്ഥാപിച്ചത്. ശനിയാഴ്ചത്തെ ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർഥി സംഘടനകളുടെയും ബാനറുകളും കാമ്പസിൽ നിന്ന് എടുത്തുമാറ്റാൻ വി.സി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. നിർദേശമനുസരിച്ച് ബാനറുകൾ എടുത്തുമാറ്റാൻ വന്ന സർവകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരെ എസ്.എഫ്.ഐ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.