കോഴിക്കോട്: ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖ് വധക്കേസിലെ പ്രതി ആഷിഖുമായി അന്വേഷണസംഘം തെളിവെടുത്തു. സിദ്ദീഖിനെ കൊലപ്പെടുത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇന്നിലെ മുറിയിലും മൃതദേഹം കഷണങ്ങളാക്കി കൊണ്ടുപോകാനുപയോഗിച്ച ട്രോളി ബാഗ് വാങ്ങിയ മിഠായിത്തെരുവിലെ മലബാർ ഫൂട്കെയറിലുമാണ് കേസന്വേഷിക്കുന്ന തിരൂർ പൊലീസ് ഇൻസ്പെക്ടർ എം.ജെ. ജീജോയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തത്.
ബാഗ് വാങ്ങിയ കടയിലെ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു. ആദ്യ ബാഗ് വാങ്ങാൻ കേസിലെ ഒന്നാം പ്രതി ഷിബിലിക്കൊപ്പം പോയത് ആഷിഖായിരുന്നു. ശനിയാഴ്ച രാവിലെ 11.50ഓടെ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ കൈവിലങ്ങിട്ട് എത്തിച്ച പ്രതിയെ 12.10നാണ് മടക്കിക്കൊണ്ടുപോയത്. സിദ്ദീഖിനെ കൊലപ്പെടുത്തിയ രീതി പ്രതി പൊലീസിന് ഹോട്ടൽമുറിയിൽനിന്ന് വിവരിച്ചുകൊടുത്തു. തുടർന്നാണ് ഇയാളെ ബാഗ് വാങ്ങിയ കടയിലേക്ക് കൊണ്ടുപോയത്. പ്രതിയെ എത്തിക്കുമെന്നറിഞ്ഞതോടെ നിരവധി പേർ രണ്ടിടങ്ങളിലും തടിച്ചുകൂടിയിരുന്നു.
കസ്റ്റഡി കാലാവധി തീർന്നതിനാൽ ആഷിഖിനെ വൈകീട്ടോടെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി. മറ്റു പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ വെള്ളിയാഴ്ചയും കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ചയോടെ കേസിന്റെ ആദ്യഘട്ട അന്വേഷണം പൂർത്തിയായതായി തിരൂർ പൊലീസ് ഇൻസ്പെക്ടർ എം.ജെ. ജീജോ പറഞ്ഞു.
കേസിലെ മൂന്നു പ്രതികളുടെയും അറസ്റ്റ്, ചോദ്യംചെയ്യൽ, തെളിവെടുപ്പ്, കൊലക്കുപയോഗിച്ച വസ്തുക്കളടക്കം തൊണ്ടിമുതലുകൾ കണ്ടെടുക്കൽ എന്നിവയെല്ലാമാണ് പൂർത്തീകരിച്ചത്. ഇനി സാക്ഷികളുടെ മൊഴി വിശദമായി രേഖപ്പെടുത്തുക അടക്കമുള്ള നടപടികളാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കേസ് നടക്കാവ് പൊലീസിന് കൈമാറാനുള്ള ആലോചനയും നടക്കുന്നുണ്ട്. തുടരന്വേഷണ സൗകര്യം പരിഗണിച്ചാണിത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് മലപ്പുറം എസ്.പി എസ്. സുജിത്ദാസ് അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.