കോഴിക്കോട്: കോഴിക്കോട് മുഖദാർ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഷ്ടിച്ച കേസ്സിലെ മൂന്നാം പ്രതിയായ തിരൂർ പയ്യനങ്ങാടി സ്വദേശിയായ കാട്ടിലെ പീടിയേക്കൽ വീട്ടിൽ കെ.പി. ഫഹദിനെ (20) ചെമ്മങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 21ന് കോഴിക്കോട് മുഖദാറിൽ കെ.എം.ആർ കെട്ടിടത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട മുഹമ്മദ് നാജിദിന്‍റെ എൻഫീൽഡ് ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സിറ്റി പൊലീസ് കൺട്രോൾറൂം ചാലിയം പരപ്പനങ്ങാടി റോഡിൽ സ്ഥാപിച്ച എ.എൻ.പി.ആർ കാമറയിൽ മോഷണം പോയ ബുള്ളറ്റും അതിനൊപ്പം കണ്ട സംശയാസ്പദമായ രീതിയിൽ നമ്പർ ചുരണ്ടി മാറ്റപ്പെട്ട പ്രതിയുടെ പേരിലുള്ള മോട്ടോർ സൈക്കിളിന്റെ വിവരങ്ങളെടുക്കുകയും സൈബർസെല്ലുമായി ബന്ധപ്പെട്ട് പ്രതികളുടെ ലൊക്കേഷൻ മനസ്സിലാക്കുകയായിരുന്നു. രണ്ട് പ്രതികളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
മൂന്നാം പ്രതിയായ ഫഹദ് പാളയം ബസ് സ്റ്റാന്റിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.പി. പ്രദീപ്, എസ്.സി.പി.ഒമാരായ ബനീഷ്, വിപിൻ ദാസ്, സി.പി.ഒ രഞ്ജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി തിരൂർ പോലിസ് സ്റ്റേഷനിൽ നിരവധി അടിപിടികേസുകളിൽ പ്രതിയാണെന്നും ഇയാൾ പഠിക്കുന്ന മലപ്പുറം ചേന്നരയുള്ള കോളജിലെ സ്ഥിരം പ്രശ്നക്കാരനുമാണെന്നും ചെമ്മങ്ങാട് പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.