കോഴിക്കോട്: കുറേക്കാലമായി ജില്ലയിൽ യു.ഡി.എഫിെൻറ മാനം കാക്കുന്നത് മുസ്ലിം ലീഗാണ്. എൽ.ഡി.എഫിന് കഴിഞ്ഞതവണ 11 സീറ്റ് കിട്ടിയപ്പോൾ യു.ഡി.എഫിന് കിട്ടിയ രണ്ടേ രണ്ട് സീറ്റ് മുസ്ലിം ലീഗിെൻറതായിരുന്നു -കോഴിക്കോട് സൗത്തിൽ ഡോ. എം.കെ. മുനീറും കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയും. '96ൽ 12ൽ പത്ത് സീറ്റും എൽ.ഡി.എഫിനൊപ്പമായിരുന്നപ്പോഴും യു.ഡി.എഫിെൻറ മാനം കാത്തത് ലീഗ് മണ്ഡലങ്ങളായ കൊടുവള്ളിയും തിരുവമ്പാടിയുമായിരുന്നു. 2001നു ശേഷം മുസ്ലിം ലീഗിെൻറ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്താനേ ജില്ലയിലെ കോൺഗ്രസുകാർക്കായുള്ളൂ.
'91ൽ കോഴിക്കോട് രണ്ടിൽ (നിലവിലെ കോഴിക്കോട് സൗത്ത്) ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ ഡോ. എം.കെ. മുനീർ ഇടക്ക് മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിൽ മലപ്പുറത്തുനിന്ന് ജനവിധി തേടിയെങ്കിലും കോഴിക്കോട് തന്നെയായിരുന്നു തട്ടകം. നിലവിൽ കോഴിക്കോട് സൗത്തിലെ എം.എൽ.എയും ഇത്തവണ കൊടുവള്ളിയിൽനിന്ന് ജനവിധി തേടുകയും ചെയ്യുന്നു. മുനീറിെൻറ വ്യക്തിപ്രഭാവം ഒഴിച്ചാൽ പാർട്ടിയെ ചലിപ്പിക്കാനുതകുന്ന ശക്തമായ നേതൃത്വം ജില്ലയിൽ ലീഗിനില്ലാത്തതിെൻറ ഫലമായിരുന്നു പച്ചക്കോട്ടയായ കൊടുവള്ളിയിലെ കഴിഞ്ഞ തവണത്തെ തോൽവി. പാർട്ടിയിൽനിന്ന് പുറത്തുപോയി എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖിന് ഒരുവിഭാഗം ലീഗ് പ്രവർത്തകരുടെ തന്നെ വോട്ട് മറിഞ്ഞതോടെയാണ് സീറ്റ് ലീഗിന് നഷ്ടമായത്. ഇത് ഇത്തവണ ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് എം.കെ. മുനീർ കൊടുവള്ളിയിലേക്ക് കൂടുമാറിയത്. പ്രതീക്ഷ പുലരുമോ എന്നറിയാൻ ദിവസങ്ങൾമാത്രം ബാക്കി.
ലീഗിെൻറ മണ്ഡലമാണ് തിരുവമ്പാടി. യു.ഡി.എഫിന് നല്ല വേരോട്ടമുള്ള മണ്ഡലമായിട്ടും ഇവിടെയും യു.ഡി.എഫ് വോട്ടുകൾ ഭദ്രമാക്കാനുതകുന്ന നേതൃപാടവമില്ലാത്തതാണ് പ്രശ്നം. തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ എഴുന്നള്ളിക്കൽ മാത്രമല്ലല്ലോ നേതൃത്വത്തിെൻറ ചുമതല. ഇത് സമർഥമായി മുതലെടുത്ത് എൽ.ഡി.എഫ് ഇവിടെ ജയിച്ചുകയറുന്നു. ഇതിന് മാറ്റമുണ്ടാക്കാൻ ഇത്തവണ സി.പി. ചെറിയ മുഹമ്മദിനായാൽ അത് അദ്ദേഹത്തിെൻറ വ്യക്തിപരമായ വിജയം കൂടിയാകും.
കഴിഞ്ഞതവണ കെ.കെ. ലതികയെ അട്ടിമറിച്ച് കുറ്റ്യാടി പിടിച്ചെടുത്ത പാറക്കൽ അബ്ദുല്ലക്ക് ഇത്തവണ മണ്ഡലം ലീഗിന് നിലനിർത്തിക്കൊടുക്കാനാകുമോ? കെ.പി. കുഞ്ഞമ്മദ്കുട്ടിയുടെ മണ്ഡലത്തിലെ സ്വാധീനം തകർത്തെറിഞ്ഞ് സീറ്റ് നിലനിർത്താനായാൽ പാറക്കൽ വീണ്ടും താരമാകും.
കുന്ദമംഗലവും പേരാമ്പ്രയും ഇത്തവണ മുസ്ലിം ലീഗിെൻറ പരീക്ഷണ മണ്ഡലങ്ങളാണ്. മുമ്പ് യു.സി രാമനെ മത്സരിപ്പിച്ച് വിജയിപ്പിച്ച ചരിത്രമുള്ള കുന്ദമംഗലത്ത് കോൺഗ്രസിലെ ദിനേശ് പെരുമണ്ണയെ ഇറക്കിയാണ് ഇത്തവണത്തെ പരീക്ഷണമെങ്കിൽ അധികമായി ലഭിച്ച പേരാമ്പ്രയിൽ പ്രവാസി വ്യവസായി സി.എച്ച്. ഇബ്രാഹിം കുട്ടിയെയാണ് പരീക്ഷിക്കുന്നത്. കുറേക്കാലമായി കുറ്റിയറ്റുപോയ കോൺഗ്രസ് ഇത്തവണ ചില സീറ്റുകളിൽ പ്രതീക്ഷ വെച്ചുപുലർത്തുേമ്പാഴും യു.ഡി.എഫിെൻറ അഭിമാനം കാക്കാൻ പതിവുപോലെ ലീഗിനാകുമോ എന്നാണ് രാഷ്്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.