ചങ്ങരംകുളം: ചിറവല്ലൂർ തെക്കേ കെട്ട് കോൾപടവിൽ ബണ്ട് പുനർനിർമാണം തുടങ്ങിയതോടെ പമ്പിങ് ആരംഭിച്ചു. ബണ്ട് തകർന്ന് 120 ഏക്കർ കൃഷിയാണ് ഇവിടെ വെള്ളത്തിൽ മുങ്ങിയത്. ബണ്ടിന്റെ പുനർനിർമാണത്തിനുള്ള കെ.എൽ.ഡി.സി നടപടി നീണ്ടതോടെയാണ് ഇവിടെ പമ്പിങ് വൈകിയത്. ഈ മാസാവസാനം പമ്പിങ്ങ് പൂർത്തികരിച്ച് കൃഷി ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
മണ്ണിട്ട് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതോടെയാണ് പമ്പിങ് ആരംഭിച്ചത്. ബണ്ട് തകർന്ന ഭാഗത്ത് തെങ്ങ് തടികൾ താഴ്ത്തി ഉറപ്പിക്കൽ ഉടൻ ആരംഭിക്കും. കൃഷിക്ക് ആവശ്യമായ ഞാറിനുള്ള വിത്ത് കർഷകർക്ക് കൃഷി ഭവനിൽ നിന്ന് വിതരണം ചെയ്തു. മൂപ്പ് കുറഞ്ഞതും വേഗത്തിൽ വിളവ് ലഭിക്കുന്നതുമായ ജ്യോതി വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ബണ്ട് തകർന്നതോടെ ഏറെ തുകയാണ് കർഷകർക്ക് നഷ്ടമായിട്ടുള്ളത്. ഏക്കറിന് ഇരുപതിനായിരത്തിലധികം തുക കർഷകർക്ക് നഷ്ടമായിട്ടുണ്ട്. ഇനിയും കൃഷിയിറക്കാൻ ഇതേ തുക കർഷകർക്ക് ചിലവഴിക്കേണ്ടിവരും. ബണ്ട് തകർന്ന് നഷ്ടം സംഭവിച്ച തുക വകയിരുത്തിനൽകുന്ന പക്ഷം കടക്കെണിയിൽ നിന്നും രക്ഷപെടാനാകുമെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.