ചങ്ങരംകുളം: പരാതി അന്വേഷിക്കാന്‍ വിളിച്ച പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ചങ്ങരംകുളം സ്വദേശിയും ഭാര്യയും അറസ്റ്റിൽ. ഇവരെ റിമാൻഡ് ചെയ്തു.
ചങ്ങരംകുളം സ്റ്റേഷനടുത്ത് വാടകക്ക് താമസിക്കുന്ന കുളങ്ങര വീട്ടില്‍ സുരേഷിനെയും(48) ഭാര്യയെയുമാണ് റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ചങ്ങരംകുളം സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സുരേഷ് വാടകക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാന്‍ വിളിച്ച പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
വാടക നല്കാത്തതിനാൽ കെട്ടിട ഉടമ ജലവിതരണം വിച്ഛേദിച്ചതാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്നും കാര്യം അന്വേഷിക്കാനാണ് മൊബൈലില്‍ ബന്ധപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരേഷിനെ പിടികൂടിയത് അറിഞ്ഞാണ് ഭാര്യ സ്റ്റേഷനില്‍ എത്തിയത്.
തുടർന്ന് വനിത പൊലീസുകാരായ സുജന, ലിജിത എന്നിവരെ അക്രമിച്ചത്രെ. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. തുടർന്നാണ് രണ്ടു പേര്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തത്. പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.