ചങ്ങരംകുളം: തകർന്ന ചെറവല്ലൂർ- തെക്കേക്കെട്ട് ബണ്ട് ഉടൻ നിർമാണം പൂർത്തീകരിച്ച് കൃഷി ആരംഭിക്കാൻ സൗകര്യമൊരുക്കുമെന്ന അധികൃതരുടെ വാക്ക് നടപ്പാകുന്നില്ല. നിർമാണം വൈകുന്ന പക്ഷം 120 ഏക്കർ കൃഷിയിടം തരിശിടേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ.
വൈകി കൃഷിയിറക്കിയാൽ വരൾച്ചയോ നേരത്തെ എത്തുന്ന മഴയോ കൃഷിയെ ബാധിക്കുമെന്നാണ് കർഷകരുടെ ഭീതി. കഴിഞ്ഞയാഴ്ചയാണ് ബണ്ട് തകർന്നത്. ഇതേ തുടർന്ന് നടീൽ കഴിഞ്ഞ 120 ഏക്കർ പാടത്തെ കൃഷി നശിച്ചിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ബണ്ട് നിർമിക്കേണ്ട കെ.എൽ.ഡി.സി അധികൃതരും സ്ഥലത്തെത്തി ബണ്ട് ഉടൻ നിർമിച്ച് കൃഷിയിറക്കാൻ സൗകര്യങ്ങളൊരുക്കുമെന്ന് കർഷകർക്ക് ഉറപ്പു നൽകിയിരുന്നു.
ഇതേ തുടർന്ന് പ്രതിസന്ധിഘട്ടത്തിലും വീണ്ടും കൃഷിയിറക്കാൻ കർഷകർ തയാറായിരുന്നു. ബണ്ട് നിർമിച്ച് പമ്പിങ് തുടങ്ങി വെള്ളം വറ്റിക്കാൻ പിന്നെയും ഒരുമാസം കഴിയണം. പരിസരത്തുള്ള പടവുകളിൽ കൃഷിയിറക്കി ഇപ്പോൾ തന്നെ ആഴ്ചകൾ കഴിഞ്ഞു. മുൻകാലങ്ങളിൽ ബണ്ട് തകർന്നാൽ ദിവസങ്ങൾക്കു ള്ളിൽ ബണ്ട് നിർമിച്ചു പമ്പിങ് ആരംഭിച്ചിരുന്നു. നടീൽ കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞാലാണ് കൃഷി ഇൻഷുർ ചെയ്യാനാവുക.
നടീൽ കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ബണ്ട് തകർന്നതിനാൽ കർഷകർക്ക് നിലവിൽ നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയുണ്ട്. സാങ്കേതികത്വം പറഞ്ഞ് ബണ്ട് നിർമാണം വൈകിക്കുന്നത് തടയാൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഒരാഴ്ചകൊണ്ടു പമ്പിങ് തുടങ്ങാൻ സൗകര്യം ഒരുക്കിയില്ലെങ്കിൽ തരിശിടാൻ ഒരുങ്ങുകയാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.