പുൽപറ്റ ഒളമതിലിലെ മിനിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
മഞ്ചേരി: നാടിനെ കണ്ണീരിലാഴ്ത്തിയ വാർത്ത കേട്ടാണ് പുൽപറ്റ ഒളമതിൽ ഗ്രാമം ഉണർന്നത്. ആലുങ്ങാപറമ്പിൽ വീട്ടിൽ മിനിയുടെയും മകൻ അദ്രിദേവിന്റെയും ദാരുണാന്ത്യം നാടിന്റെ നൊമ്പരമായി.
വ്യാഴാഴ്ച പുലർച്ച അഞ്ചോടെയാണ് ഇരുവരുടെയും അപ്രതീക്ഷിത വിയോഗം നാടറിഞ്ഞത്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിലെ അമ്മയുടെയും മൂന്ന് മാസം മാത്രം പ്രായമായ മകന്റെയും വേർപാട് ഞെട്ടലുളവാക്കി. മിനിയുടെ സഹോദരന്റെ ഭാര്യ പുലർച്ച വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ മിനി ചുമരിൽ ചാരി നിൽക്കുന്ന രീതിയിലാണ് കണ്ടത്. പിന്നീടാണ് ആത്മഹത്യ ചെയ്തതാണ് എന്നറിഞ്ഞത്. ഇതോടെ വീടിനകത്തും പുറത്തും കുട്ടിയെ തിരഞ്ഞു. അപ്പോഴേക്കും തൊട്ടടുത്തുള്ള പള്ളിയിൽ നമസ്കരിക്കാൻ എത്തിയവർ വീട്ടിലെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുമുറ്റത്തെ ശുചിമുറിയിൽ കുഞ്ഞിനെ ബക്കറ്റിൽ തലകീഴായ നിലയിൽ കണ്ടത്. രാത്രി സന്തോഷത്തോടെ കിടന്ന മിനിയെ ചേതനയറ്റ നിലയിൽ കണ്ടത് കുടുംബത്തിന് തീരാനോവായി.
40ാം വയസ്സിൽ 2019ലാണ് മിനിയുടെ വിവാഹം കഴിഞ്ഞത്. നാല് വർഷത്തിന് ശേഷമാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ വരവോടെ കുടുംബം വലിയ സന്തോഷത്തിലായിരുന്നു. ബുധനാഴ്ചയാണ് അദ്രിദേവിന് 90 ദിവസം തികഞ്ഞത്. കഴിഞ്ഞ ദിവസം ഭർത്താവ് ജസികുമാർ ഒളമതിലിലെ വീട്ടിലെത്തി. വരുന്ന ഞായറാഴ്ച വീട്ടിലേക്ക് പോകാനുള്ള തീയതിയും നിശ്ചയിച്ചു. മകനൊപ്പം ഭർത്താവിന്റെ ചൂലൂരിലെ വീട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു മിനി.
ഇതിനിടയിലാണ് ദാരുണ സംഭവം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ വൈകീട്ട് ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് രാത്രിയോടെ പുൽപറ്റയിലെ പാലക്കുന്ന് ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. നാട്ടുകാരും ബന്ധുക്കളും അടക്കം നിരവധി പേർ വീട്ടിലെത്തിയിരുന്നു.
മഞ്ചേരി: ‘ഞാനും എന്റെ കുട്ടിയും മരിക്കാൻ പോവാണ്. എന്റെ കണ്ണിന് കാഴ്ച കുറഞ്ഞ് വരികയാണ്. ഞാൻ എന്റെ കുട്ടിയെ എങ്ങനെ വളർത്തും...?’’ പുൽപറ്റ ഒളമതിലിൽ തൂങ്ങിമരിച്ച മിനിയുടെ ആത്മഹത്യയുടെ കുറിപ്പിലെ വരികളാണിത്.
കാഴ്ച ശക്തി കുറഞ്ഞു വരുന്നതിനാൽ മകനെ നോക്കാൻ സാധിക്കില്ലെന്ന സങ്കടമാണ് യുവതിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. ‘ജസിയേട്ടാ ഞാൻ മോനേയും കൊണ്ട് പോവാണ്, നമുക്ക് മൂന്ന് പേർക്കും ഒരുമിച്ച് ജീവിക്കാൻ വിധിയില്ല. എന്നോട് ക്ഷമിക്കണം. കുട്ടിയെ ജസിയേട്ടന്റെ അടുത്ത് ആക്കിയിട്ട് പോയാൽ അവർക്ക് പാലു കുടിക്കുന്ന കുട്ടിയെ നോക്കാൻ കഴിയില്ലല്ലോ. അവരെ കുറ്റപ്പെടുത്തരുത്. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം’ -ഇതാണ് വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ പറയുന്നത്.
കണ്ണിന് കാഴ്ചക്കുറവുള്ള കാര്യം വീട്ടുകാർക്കും ബന്ധുക്കൾക്കും അറിയില്ലായിരുന്നു. ആത്മഹത്യ കുറിപ്പിലൂടെയാണ് ഇക്കാര്യം അവരും അറിഞ്ഞത്. ഒരുപാട് ദിവസമായി ടെൻഷനിലാണെന്നും എന്റെ കുട്ടിയുടെ മുഖത്തേക്ക് നോക്കുമ്പോൾ സങ്കടം വരുന്നെന്നും കുറിപ്പിലുണ്ട്. അയൽ വീട്ടിലെ സ്ത്രീയോട് കണ്ണിന്റെ പ്രയാസം സംബന്ധിച്ച് മിനി പറഞ്ഞിരുന്നു. മിനിയും ഭർത്താവ് ജസിയും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.