എടവണ്ണ: വീട്ടിലൊരുക്കിയ പുസ്തകശേഖരം 2019ലെ പ്രളയത്തിൽ നഷ്ടപ്പെട്ട മുണ്ടേങ്ങരയിലെ ഫർഹ ഫാത്തിമക്ക് വായന ദിനത്തിൽ സമ്മാനപ്പെട്ടിയെത്തി. പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ് ആണ് 10,000 രൂപയോളം വില വരുന്ന പുസ്തകങ്ങൾ സമ്മാനമായി അയച്ചത്.
എടവണ്ണ സീതി ഹാജി സ്മാരക ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനിയായ ഫർഹക്ക് കൂലിപ്പണിക്കാരനായ പിതാവ് ശറഫുദ്ദീൻ പലകാലത്തായി വാങ്ങിക്കൊടുത്ത പുസ്തകങ്ങളാണ് പ്രളയത്തിൽ നഷ്ടപ്പെട്ടത്. മികച്ച വായനക്കാരിയായ ഫർഹയുടെ ദുഃഖം ഫേസ്ബുക്കിലൂടെ അധ്യാപകൻ പി. അബ്ദുല്ലക്കുട്ടി പങ്കുവെച്ചതോടെ നിരവധി പേർ ഫർഹക്ക് പുസ്തകങ്ങളുമായി എത്തിയിരുന്നു.
അന്ന് ഈ മിടുക്കിക്ക് ഗൃഹലൈബ്രറി ഒരുക്കാൻ സഹായവുമായി ഡി.സി ബുക്സ് മുന്നോട്ടു വന്നിരുന്നു. എന്നാൽ, ചില സാങ്കേതിക പ്രശ്നങ്ങളിൽപെട്ട് കിട്ടാൻ വൈകിയ പുസ്തക സമ്മാനാമാണ് ഈ വായന ദിനത്തിൽ ഫർഹയെത്തേടിയെത്തിയത്.
സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. റുഖിയ, പി.ടി.എ പ്രസിഡൻറ് വി. അർജുൻ, അംഗങ്ങളായ എം. മുജീബ് റഹ്മാൻ, അജയ് സാഗ, അധ്യാപകരായ പി. അബ്ദുല്ലക്കുട്ടി, പി. അനീഷ് ബാബു എന്നിവർ വീട്ടിൽ നേരിട്ടെത്തിയാണ് പുസ്തക പാർസൽ ഫർഹക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.