എടവണ്ണ (മലപ്പുറം): എടവണ്ണയിൽ ഹോട്ടൽ തൊഴിലാളി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും. ബുധനാഴ്ച വൈകീട്ട് 6.30ഓടെയാണ് ചാത്തല്ലൂർ പള്ളിപ്പടിയിലെ പരശുരാമന്കുന്നത്ത് സാജിദ് (45) പൊള്ളലേറ്റ് മരിച്ചത്. പരിസരവാസികളും വീട്ടുകാരും ഓടിയെത്തി തീയണച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യയും മക്കളും എടവണ്ണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഉന്നത ഉദ്യോഗസ്ഥരില്ലാതെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പ്രദേശവാസികളും ബന്ധുക്കളും അറിയിച്ചതോടെ വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം, പി.കെ. ബഷീർ എം.എൽ.എ, എടവണ്ണ എസ്.എച്ച്.ഒ വിഷ്ണു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
വഴിത്തർക്കവുമായി ബന്ധപ്പെട്ട് നാട്ടുകാരും സാജിദിന്റെ കുടുംബവും ആരോപണം ഉന്നയിക്കുന്ന വനിതക്കെതിരെ ദൃക്സാക്ഷി ഉൾപ്പെടെ എടവണ്ണ സ്റ്റേഷനിലെത്തി മൊഴി നൽകിയിട്ടും കേൾക്കാൻ പോലും പൊലീസ് തയാറായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കുറ്റപ്പെടുത്തി കുടുംബവും രംഗത്തെത്തിയിരുന്നു. അതിനിടെ, സംഭവത്തിൽ ആരോപണത്തിന് ഇരയായ സ്ത്രീ നിർമിച്ച മതിൽ നാട്ടുകാർ തകർത്തു.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ കിഴക്കേ ചാത്തല്ലൂർ ജുമാമസ്ജിദിൽ ഖബറടക്കി. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെ ലഭിക്കാനുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എടവണ്ണ പൊലീസ് അറിയിച്ചു.
സാജിദ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് എടവണ്ണ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടറുടെ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദുരൂഹത ഇല്ലെന്നും ആത്മഹത്യയാണെന്നുമുള്ള പ്രാഥമിക നിഗമനത്തിലേക്ക് എത്തിയതെന്ന് എടവണ്ണ എസ്.എച്ച്.ഒ വിഷ്ണു പറഞ്ഞു. എന്നാൽ, വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയായ സ്ത്രീയാണ് മരണത്തിന് പിന്നിലെന്ന് നാട്ടുകാരും കുടുംബവും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സ്ത്രീയെയും അമ്മയേയും എടവണ്ണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ദൃക്സാക്ഷിയെയും ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
സാജിദിന്റെ മരണവുമായി ബന്ധപ്പെട്ട് എടവണ്ണ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി പി.കെ. ബഷീർ എം.എൽ.എ. സാക്ഷിയുടെ മൊഴിയെടുക്കാൻപോലും പൊലീസ് തയാറായില്ല. ഇത് കൊലപാതകമാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
സമഗ്ര അന്വേഷണം നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. തുടരന്വേഷണം നിലമ്പൂർ ഡിവൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ജില്ല പൊലീസ് മേധാവിയോട് അന്വേഷിച്ചപ്പോൾ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.