എടവണ്ണ: എടവണ്ണ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ശുഹൈബിനും സംഘത്തിനും നേരെ മർദനം. ബുധനാഴ്ച വൈകീട്ട് തിരുവാലി സ്വദേശി ബിനോയിയുടെ വീട്ടിൽ അനധികൃത മദ്യവിൽപനയുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പരിശോധനക്കെത്തിയപ്പോളാണ് എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് നേരെ കേസിലെ പ്രതി ബിനോയിയുടെയും കുടുംബത്തിന്‍റെയും ആക്രമണമുണ്ടായത്.
പ്രതിയെ പിടികൂന്നതിനുവേണ്ടി വീട്ടിൽ മദ്യം ഉണ്ടോ എന്ന് പൊലീസ് ഫോണിൽ വിളിച്ചു ചോദിച്ചിരുന്നു. തുടർന്ന് ഉണ്ടെന്ന് ബിനോയി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മദ്യം പിടികൂടാൻ എത്തിയപ്പോൾ പൊലീസ് ആണെന്ന് മനസ്സിലായതോടെയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ആക്രമണത്തിൽ എസ്.ഐ ശുഹൈബിന്‍റെ ശരീരത്തിൽ പല ഭാഗത്തും മുറിവേറ്റിട്ടുണ്ട്. ഇദ്ദേഹം എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പും അനധികൃതമായി മദ്യം വിൽപന നടത്തുകയും 18 തവണ പിടിയിലാകുകയും ചെയ്തിട്ടുണ്ടെന്ന് എടവണ്ണ പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതിക്കെതിരെ പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചു, കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.