എടവണ്ണ: ജില്ലയിലെ ആദ്യ ഗ്രാമവണ്ടിക്ക് എടവണ്ണ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പൊതുഗതാഗത സൗകര്യം കുറവുള്ള പ്രദേശങ്ങളിലേക്ക് തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് സൗകര്യം ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ഗ്രാമവണ്ടി ആരംഭിച്ചത്. സംസ്ഥാനത്ത് നിലവിൽ വിവിധ ഇടങ്ങളിൽ ഗ്രാമ വണ്ടികൾ സർവിസ് നടത്തുന്നുണ്ട്. ഏറെ യാത്രാദുരിതം നേരിടുന്ന എടവണ്ണപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് ഗ്രാമവണ്ടി സർവിസ് ആരംഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ചുവപ്പും മഞ്ഞ നിറത്തിലുമുള്ള ബസാണ് ഇതിനായി സർവിസ് നടത്തുന്നത്. ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളിൽ ഗ്രാമവണ്ടിക്ക്
ഇളവ് നൽകുന്നതിനുള്ള ഉത്തരവ് ഉടനുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിലെ പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അനുവദിച്ച ലാപ് ടോപ്പുകളുടെ വിതരണവും പ്ലാസ്റ്റിക്ക് നിരോധനം കാര്യക്ഷമമാക്കാൻ ആരംഭിച്ച തുണിസഞ്ചി സംരംഭത്തിന്റെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു, ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാൻ, എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, വിവിധ ജന പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.