representative image

മാതാവ് പുഴയിലെറിഞ്ഞെന്ന് പറയുന്ന നവജാത ശിശുവിനെ കണ്ടെത്താനായില്ല

ഏലംകുളം: കഴിഞ്ഞ ദിവസം മാതാവ് പുഴയിലെറിഞ്ഞെന്ന് പറയുന്ന നവജാത ശിശുവിനെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ, മണ്ണാർക്കാട് എന്നീ അഞ്ച് ഫയർ സ്റ്റേഷനുകളിൽ നിന്നായി സിവിൽ ഡിഫൻസ് അംഗങ്ങൾ അടക്കം 30 പേരാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.

കഴിഞ്ഞ രണ്ട് ദിവസം തിരച്ചിൽ നടത്തിയ മപ്പാട്ടുകരയിൽനിന്ന് രണ്ട് കിലോമീറ്ററോളം വരുന്ന കട്ടുപ്പാറ ഇട്ടക്കടവ് ചെക്ക്ഡാം വരെ പുഴയിൽ അരിച്ച് പെറുക്കിയിട്ടും ശിശുവിനെ കണ്ടെത്താനായില്ല. ഉച്ചയോടെ വീണ്ടും യുവതിയുടെ വീടും പരിസരവും മുതൽ മപ്പാട്ടുകര റെയിൽവേ പാലം വരെയുള്ള കിണറുകൾ, കുളങ്ങൾ, മാലിന്യം തള്ളുന്ന സ്ഥലങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11നും 12നും ഇടക്കാണ് പാലത്തോൾ സ്വദേശിയായ യുവതി തന്‍റെ 11 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ മപ്പാട്ടുകര റെയിൽവേ പാലത്തിൽ നിന്ന് പുഴയിലെറിഞ്ഞതായി പറയപ്പെടുന്നത്. വിവരമറിഞ്ഞ് അന്ന് രാത്രി 12 മുതൽ തന്നെ നാട്ടുകാരും പെരിന്തൽമണ്ണ-മലപ്പുറം ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും പുഴയിലിറങ്ങി പരിശോധിച്ചിരുന്നു.

ജില്ല കലക്ടർ, പെരിന്തൽമണ്ണ തഹസിൽദാർ, സ്ഥലം എം.എൽ.എ എന്നിവരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ച ശേഷം വ്യാഴാഴ്ച വൈകീട്ട് ആറിന് ഫയർഫോഴ്സ് ജില്ല ഓഫിസർ എസ്.എൽ. ദിലീപ് അന്വേഷണം നിർത്തിവെക്കുകയായിരുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട ശേഷം അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - could not find the newborn who was said to have been thrown into the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.