കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ പാർക്കിൽ മാലിന്യ ശേഖരണത്തിനായി തുടങ്ങുന്ന കെട്ടിട നിർമാണം
കാളികാവ്: കാടുമൂടിയ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മിനി വ്യവസായ പാർക്കിൽ ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള എം.സി.എഫുകളിൽ ശേഖരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് മാലിന്യം സൂക്ഷിക്കാനും സംസ്കരിക്കാനും കേന്ദ്രം സ്ഥാപിക്കുന്നു. ബ്ലോക്ക് ഫണ്ടിൽനിന്ന് മുക്കാൽ കോടി മുടക്കിയാണ് മാലിന്യ ശേഖരണ ആർ.ആർ.എഫ് കേന്ദ്രം നിർമിക്കുന്നത്.
അഞ്ച് വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ അരിമണലിൽ ഒരു കോടിയിലധികം മുടക്കി സ്ഥാപിച്ച വ്യവസായ പാർക്കിലാണ് 76 ലക്ഷം മുടക്കി വീണ്ടും നിർമാണ പ്രവൃത്തി നടക്കുന്നത്. ഒരു പെട്ടിക്കട പോലും തുടങ്ങാത്ത സ്ഥലത്താണ് ഒടുവിൽ എം.സി.എഫിന്റെ ഭാഗമായ ഷ്രഡ്ഡിങ് സംവിധാനം വരുന്നത്. ഇതോടെ ഇവിടെ മറ്റു വ്യവസായങ്ങൾ വരുമോ എന്ന ആശങ്കയേറി. ഫണ്ട് ചെലവഴിക്കുക എന്ന ഏക ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.
2017-18 വർഷത്തെ പദ്ധതിയിലാണ് വ്യവസായ പാർക്കിനായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തത്. രണ്ടേക്കർ ഏഴ് സെന്റ് സ്ഥലത്താണ് വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്. ചുറ്റുമതിൽ, ഗേറ്റ്, വാട്ടർ ടാങ്ക്, വൈദ്യുതി എന്നിവയുടെ ചെലവടക്കം ഒരു കോടി 74 ലക്ഷം രൂപ വ്യവസായ പാർക്കിനായി ഇതിനകം ചെലവഴിച്ചിട്ടുണ്ട്. അതിനിടെ, പ്രവേശന ഭാഗത്ത് അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്റ്റീൽ നിർമിത കവാടം റോഡ് വികസന ഭാഗമായി ആക്രി വിലക്ക് തൂക്കി വിൽക്കുകയും ചെയ്തു.
വ്യവസായ കേന്ദ്രത്തിന്റെ നിയമ നൂലാമാലകളാണ് സംഭരകരെ ഇവിടെനിന്ന് പിന്തിരിപ്പിക്കുന്നത്. അടിസ്ഥാനമായി ലഭിക്കേണ്ട ശുദ്ധജലം പോലും ഇവിടെ ലഭ്യമാക്കായിട്ടില്ല. ഇതിന് പരിഹാരമായി സമീപത്തെ അരിമണൽ പുഴയിൽ തടയണ നിർമിക്കാനായി കഴിഞ്ഞ സാമ്പത്തിക വർഷം 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ഇതും നടപ്പായില്ല.
വ്യവസായങ്ങൾ തുടങ്ങാൻ അനുയോജ്യമായ തരത്തിലുള്ള ഭൂമിയല്ല വ്യവസായ പാർക്കിനായി വാങ്ങിയതെന്ന് നേരത്തെ ആരോപണമുണ്ട്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്ഥലത്ത് ഗ്രാമപഞ്ചായത്തുകളിലെ എം. സി.എഫുകളിൽ അധികമായി വരുന്ന പ്ലാസ്റ്റിക് മാലിന്യം ഇവിടെ ശേഖരിച്ച് സംസ്കരിച്ച് കയറ്റി അയക്കുകയാണ് ചെയ്യുന്നതെന്ന് ബി.ഡി.ഒ കെ.വി. ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.