കരുവാരകുണ്ട്: ഗ്രാമീണ റോഡുകളെ അപകടത്തുരുത്തുകളാക്കി ജൽജീവൻ മിഷൻ പദ്ധതി. പൈപ്പിടാനായി മാസങ്ങൾക്ക് മുമ്പെടുത്ത ചാലുകൾ മൂടിയിരുന്നു. എന്നാൽ, ഇതിലെ മണ്ണൊലിച്ചുപോയതോടെയാണ് നാട്ടിൻപുറങ്ങളിലെ റോഡുകൾ ദുരിതപാതകളായത്.
കരുവാരകുണ്ടിൽ മാത്രം 100 കിലോമീറ്ററിലേറെയാണ് റോഡുകളിൽ ചാലുകൾ കീറിയത്. വാഹനങ്ങൾക്ക് കഷ്ടിച്ച് മാത്രം പോകാൻ കഴിയുന്ന പാതകളാണ് ഇതിൽ ഭൂരിഭാഗവും. പൈപ്പിട്ട ശേഷം ചാല് മണ്ണിട്ട് മൂടിയെങ്കിലും മഴയിൽ മണ്ണ് താഴ്ന്നു. ഇതോടെ വീണ്ടും ചാലുകളായി. പലയിടത്തും വാഹനങ്ങൾ അപകടത്തിൽ പെട്ടു. പരാതികൾ വർധിച്ചതോടെ ചാലുകളിൽ മെറ്റലും ക്വാറിമാലിന്യവുമിട്ട് നിരത്തി. എന്നാൽ, മഴവെള്ളത്തിൽ ഇവ ഒലിച്ചുപോയി.
ഇതോടെ വീതികുറഞ്ഞ ഗ്രാമീണ റോഡുകൾ ശരിക്കും അപകടത്തുരുത്തുകളായി. ബൈക്ക് യാത്രികരാണ് കൂടുതലും ഇരകളായത്. പല റോഡുകളിലും എതിരെ വരുന്ന വാഹനങ്ങൾക്ക് വഴി നൽകാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. പദ്ധതി കരാറുകാരൻ മെറ്റലിട്ട് നികത്തിയ ചാലുകൾ ടാറിടേണ്ട ചുമതല ഗ്രാമപഞ്ചായത്തിനാണ്. ഇത് എപ്പോൾ നടക്കുമെന്നറിയില്ല. അതേസമയം, മാസങ്ങൾക്ക് മുമ്പ് പൈപ്പിടൽ നടന്നെങ്കിലും കുടിവെള്ളപദ്ധതി എപ്പോൾ വരും എന്ന് ആർക്കുമറിയില്ല. ജലസംഭരണി നിർമാണം പോലും എങ്ങുമെത്തിയിട്ടില്ല. ഗുണഭോക്താക്കളെ നിശ്ചയിച്ചിട്ടില്ല. കോടികൾ മുടക്കുന്ന ജലവിതരണ പദ്ധതി വരുന്നു എന്ന പ്രചാരണം മാത്രമേയുള്ളൂ. ഇതിനുവേണ്ടി മാസങ്ങൾക്ക് മുമ്പ് തന്നെ എന്തിനാണ് റോഡുകൾ തകർത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. വെള്ളം എന്ന് ലഭിക്കുമെന്നറിയില്ല, റോഡാകട്ടെ തകരുകയും ചെയ്തു എന്നതാണ് അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.