കരുവാരകുണ്ട് വട്ടമലയിൽ കാറ്റിൽ ഒടിഞ്ഞുതൂങ്ങിയ വാഴത്തോട്ടം
കരുവാരകുണ്ട്: ശനിയാഴ്ച രാത്രി വേനൽമഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിൽ മലയോരത്ത് വ്യാപകനാശം. വട്ടമല, കക്കറ, ചുള്ളിയോട്, കരിങ്കന്തോണി ഭാഗങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. ലക്ഷക്കണക്കിന് കൃഷിനാശമാണ് ഉണ്ടായത്.
വട്ടമലയിൽ ചെമ്മൻകുഴിയിൽ നൗഫലിന്റെ 6000ത്തോളം കുലച്ച വാഴകൾ ഒടിഞ്ഞു തൂങ്ങി. ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ട വാഴകളാണിത്. ഈ ഭാഗത്ത് പലരുടേതായി 500 ഓളം റബർ മരങ്ങളും നിലംപൊത്തി. കക്കറ ചെരിപുറത്ത് സക്കീർ ബാബുവിന്റെ മുറ്റത്തെ മാവ് കടപുഴകി വീണ് കുളിമുറി തകർന്നു. പേങ്ങയിൽ റഫീഖിന്റെ വീടിനുമീതെ മരം വീണ് ജലസംഭരണി തകർന്നു. മാറശ്ശേരി ശരീഫിന്റെ വീടിന്റെ ഷീറ്റുകൾ പാറിപ്പോയി.
കക്കറയിലെ സി.പി.എം ഓഫിസിനും റബർ മരം വീണ് കേടുപാടുണ്ടായി. ചുള്ളിയോട് പാറോക്കോട്ടിൽ ബാബുവിന്റെ കോഴി ഫാം മരം വീണ് തകർന്നു. ചിറക്കൽക്കുണ്ടിലെ കൊണ്ടിപറമ്പത്ത് ആമിനയുടെ വീടിന് മീതെ ഉങ്ങ് മരം പൊട്ടിവീണു. വട്ടമല, കരിങ്കന്തോണി, പുൽവെട്ട, തരിശ്, കക്കറ എന്നിവിടങ്ങളിൽ കമുക് ഉൾപ്പെടെയുള്ള മരങ്ങൾ ലൈനുകൾക്ക് മേൽ വീണ് നിരവധി വൈദ്യുതി കാലുകൾ ഒടിഞ്ഞു. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.