കരുവാരകുണ്ട്: ഉപഭോക്താവിന്റെ പരാതിയിൽ വൈദ്യുതി സ്കൂട്ടർ കമ്പനിക്കും സർവിസിങ് ഏജൻസിക്കും 1.87 ലക്ഷം രൂപ പിഴ ചുമത്തി തർക്കപരിഹാര കമീഷൻ. കരുവാരകുണ്ട് തരിശിലെ കുറുക്കൻ ഷംസുദ്ദീന്റെ പരാതിയിലാണ് കെ. രാമദാസൻ അധ്യക്ഷനായുള്ള മലപ്പുറം തർക്ക പരിഹാര കമീഷന്റെ വിധി. 2022 ജൂണിൽ ഷംസുദ്ദീൻ ഓൺലൈൻ വഴി ബംഗളുരുവിൽ നി ന്ന് 1,57,492 രൂപക്ക് വൈദ്യുതി സ്കൂട്ടർ വാങ്ങിയിരുന്നു. രണ്ട് വർഷത്തെ വാറണ്ടിയോടെ വാങ്ങിയ സ്കൂട്ടർ പക്ഷേ പല തവണ കേടായി.
രണ്ട് വർഷത്തിനിടെ രണ്ട് തവണ ബാറ്ററിയും ഒരുതവണ എം.സി.യുവും മാറ്റേണ്ടി വന്നു. ബാറ്ററിക്ക് മാത്രം എൺപതിനായിരത്തോളം രൂപ വരുന്നുണ്ട്. ഇത് കമ്പനി മാറ്റി നൽകിയെങ്കിലും വാറണ്ടി കാലയളവിനുശേഷവും ഇതാവർത്തിച്ചാൽ ഉപഭോക്താവ് സ്വന്തം നിലക്ക് മാറ്റേണ്ടി വരും. മാത്രമല്ല സർവിസ് കാര്യത്തിലും കമ്പനി അലംഭാവം കാണിച്ചു. ഇവ ചൂണ്ടിക്കാട്ടിയാണ് ഷംസുദ്ദീൻ സ്കൂട്ടർ കമ്പനിക്കും സർവിസ് ഏജൻസിക്കും എതിരെ കഴിഞ്ഞ സെപ്റ്റംബറിൽ കമീഷനെ സമീപിച്ചത്. ഉപഭോക്താവ് സമർപ്പിച്ച രേഖകൾ പരിശോധിച്ച കമീഷൻ സ്കൂട്ടർ തിരിച്ചെടുക്കാനും വിലയായ 1,57,492 രൂപ തിരികെ നൽകാനും ഉത്തരവിടുകയായിരുന്നു.
ഇതിന് പുറമെ സർവിസിലെ അലംഭാവത്തിന് നഷ്ടപരിഹാരമായി 25,000 രൂപയും പരാതിയുമായി ബന്ധപ്പെട്ട ചെലവിലേക്ക് 5000 രൂപയും ഉപഭോക്താവിന് നൽകാനും കമ്പനി മാനേജർമാർക്ക് നിർദേശം നൽകി. ഒരുമാസത്തിനകം വാഹനം തിരിച്ചെടുത്തില്ലെങ്കിൽ ഉപഭോക്താക്താവിന് അതിൻമേൽ ഉത്തരവാദിത്തമുണ്ടാവില്ലെന്നും കമീഷൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.