കൊളത്തൂർ: കളിപ്പാട്ടങ്ങൾ വിൽക്കാനെത്തി വീടുകൾ കണ്ടുവെച്ച് രാത്രി മോഷണത്തിനെത്തുന്ന മൂവർ സംഘത്തിലെ ഒരാളെ കൊളത്തൂർ പൊലീസ് പിടികൂടി. കാസർകോട് ചീമേനി സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ രാജൻ എന്ന ടോമി തോമസ് (56) ആണ് പിടിയിലായത്. പ്രതി ഉപയോഗിച്ച ഒമ്നി വാനും കസ്റ്റഡിയിലെടുത്തു.
കുരുവമ്പലത്തെ വീട്ടിൽനിന്ന് ശനിയാഴ്ച പുലർച്ച അഞ്ച് പവൻ സ്വർണാഭരണങ്ങളും 5000 രൂപയും കവർന്നത് രാജൻ ഉൾപ്പെടുന്ന സംഘമാണെന്ന് പൊലീസ് പറഞ്ഞു. വാനിൽ പകൽ കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാേജനയാണ് സംഘം എത്തുന്നത്. കവർച്ചക്കുള്ള വീടുകൾ കണ്ടുവെക്കുന്നത് ഇതിനിടയിലാണ്. രാത്രി വന്ന് കവർച്ച നടത്തുകയാണ് പതിവ്. സംഘത്തിലെ ബാക്കി രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
കൊളത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. സജിത്ത്, സബ് ഇൻസ്പെക്ടർ റെജിമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എ.എസ്.ഐ ശിവദാസ്, എസ്.സി.പി.ഒമാരായ കൈലാസ്, മനോജ്, മുഹമ്മദ് റാഫി, സി.പി.ഒ വിപിൻ ചന്ദ്രൻ, ഹോംഗാർഡ് സുനിൽ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.