കൊണ്ടോട്ടി: ഹജ്ജ് കര്‍മത്തിനായി കരിപ്പൂർ വിമാനത്താവളം വഴി തീര്‍ഥാടകരുടെ യാത്ര തുടരുന്നു. രണ്ടു ദിവസങ്ങളിലായി 996 തീര്‍ഥാടകരാണ് മക്കയിലേക്ക് യാത്രതിരിക്കാൻ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ എത്തിയത്. മൂന്നു വിമാനങ്ങളിലായി 498 പേര് ചൊവ്വാഴ്ച ജിദ്ദയിലെത്തി. ആദ്യ ദിവസത്തെ രണ്ടു സര്‍വിസുകള്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം 58 മിനിറ്റ് വൈകി ചൊവ്വാഴ്ച പുലർച്ച 12.58നും രാവിലെ എട്ടിന് പോകേണ്ട വിമാനം 27 മിനിറ്റ് വൈകി 8.27നുമാണ് പുറപ്പെട്ടത്. ഉച്ചക്കുശേഷം മൂന്നു മണിക്കുള്ള വിമാനം കൃത്യസമയം പാലിച്ചു. വിമാനങ്ങള്‍ എത്താന്‍ വൈകിയതാണ് വൈകാന്‍ കാരണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ആദ്യ വിമാനത്തില്‍ പോകേണ്ട 166 യാത്രക്കാര്‍ ചൊവ്വാഴ്ച രാവിലെ പത്തോടെതന്നെ ക്യാമ്പിലെത്തി. ഉച്ചക്ക് 12നും രണ്ടിനുമായി മറ്റ് 332 പേരും ക്യാമ്പിന്റെ ഭാഗമായി.
വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി പ്രത്യേകം സജ്ജമാക്കിയ ബസുകളിലെത്തുന്ന തീര്‍ഥാടകരെ പ്രാര്‍ഥനാനിർഭര അന്തരീക്ഷത്തിലാണ് ക്യാമ്പിലേക്ക് വരവേല്‍ക്കുന്നത്. വളന്റിയര്‍മാരുടെ സഹായത്തോടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഹാളുകളിൽ നിർദേശങ്ങൾ നൽകിയാണ് യാത്രയാക്കുന്നത്. പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തിലാണ് ക്യാമ്പില്‍ പ്രാര്‍ഥനകള്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. വ്യാഴാഴ്ചയും മൂന്നു വിമാനങ്ങളിലാണ് തീര്‍ഥാടകര്‍ യാത്ര തിരിക്കുക.
കൊണ്ടോട്ടി: വനിത തീര്‍ഥാടകര്‍ മാത്രമുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം വ്യാഴാഴ്ച കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടും. വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന വിമാനത്തില്‍ പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത (വിതൗട്ട് മെഹ്റം) 166 തീര്ഥാടകരാണുണ്ടാകുക. സംഘം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യും. 28 വരെ 12 വിമാനങ്ങളിലായാണ് വിതൗട്ട് മെഹ്റം വിഭാഗത്തിലെ തീര്‍ഥാടകര്‍ യാത്രതിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.