കൊണ്ടോട്ടി: സാധാരണക്കാരുടെ ജീവിത ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വിപണി. വിലയില്‍ സ്ഥിരതയില്ലാത്തത് ഉപഭോക്താക്കളെയും ചില്ലറ വിപണിയിലെ വ്യാപാരികളെയും വലക്കുകയാണ്. അവശ്യോൽപന്നങ്ങളുടെ ലഭ്യതയും മിതമായ നിരക്കും ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാർ ഇടപെടലും നാമമാത്രമാകുമ്പോള്‍ അനുദിനം വില ഉയരുകയാണ്. നാടന്‍ പച്ചക്കറികളുടെ ലഭ്യത കുറവും വിപണിയെ ബാധിക്കുന്നുണ്ട്. വെളുത്തുള്ളിക്കും മുരിങ്ങക്കക്കുമാണ് വന്‍തോതില്‍ വില ഉയര്‍ന്നത്. വെളുത്തുള്ളി കിലോഗ്രാമിന് 270 രൂപയാണ് ചില്ലറ വിപണിയില്‍ വില. മാസങ്ങളുടെ വ്യത്യാസത്തില്‍ 170 രൂപയില്‍ നിന്നാണ് 100 രൂപ വര്‍ധിച്ചത്. 60 രൂപയുണ്ടായിരുന്ന മുരിങ്ങക്ക ഇപ്പോള്‍ ഒരു കിലോഗ്രാമിന് 100 രൂപ നല്‍കണം. തമിഴ്നാട്ടില്‍നിന്ന് നേരത്തെ സുലഭമായെത്തിയിരുന്ന മുരിങ്ങക്കാക്ക് ക്ഷാമവും രൂക്ഷമാണ്. കയ്പക്കക്കും വിലയില്‍ കയ്പേറെയാണ്. കിലോഗ്രാമിനു 45 രൂപയുണ്ടായിരുന്ന കയ്പക്കക്ക് വിലയിപ്പോള്‍ 65 രൂപയാണ്.
35 രൂപ വിലയുണ്ടായിരുന്ന വെണ്ടക്കക്ക് വിപണി വില 40 മുതല്‍ 60 രൂപവരെയായി ഉയര്‍ന്നു. വലിയ ഉള്ളിക്ക് 52 രൂപയും ചെറിയ ഉള്ളിക്ക് 90 രൂപയുമാണ് നിലവിലെ വില. ഉള്ളിയിനങ്ങള്ക്ക് നാസികിനെയും മറ്റ് പച്ചക്കറികള്‍ക്ക് തമിഴ്നാട്, കർണാടക, മൈസൂര്‍, രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളെയുമാണ് മൊത്ത വ്യാപാരികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. മഴയിലും പ്രതികൂല കാലാവസ്ഥയിലും ഇവിടങ്ങളിലെ കൃഷി വ്യാപകമായി നശിച്ചതാണ് വിലക്കയറ്റത്തിനും ക്ഷാമത്തിനും പ്രധാന കാരണം. നാടന്‍ പച്ചക്കറി ഇനങ്ങളുടെ ലഭ്യത കുറഞ്ഞതും വിപണിയെ പ്രതിസന്ധിയിലാഴ്ത്തുന്നതായി മൊത്ത വിതരണക്കാര്‍ പറയുന്നു. ഇത് മുതലെടുത്ത് അമിത ലാഭം കൊയ്യുന്ന ഇടത്തട്ടുകാരുടെ ഇടപെടലും ചെറുതല്ല. ഇതോടെ വിലയില്‍ സ്ഥിരത ഉറപ്പാക്കാനാകാത്ത അവസ്ഥയാണ്. വിപണികളില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.