മലപ്പുറം: കിഫ്ബി പദ്ധതിയിൽ പൈപ്പ് ഇടുന്നതിൽ ക്രമക്കേട് ആരോപിക്കപ്പെട്ട കൊണ്ടോട്ടി നഗരസഭയിലെ 14ാം വാർഡിൽ ഒന്നാംമൈൽ മുതൽ ചോലക്കൽ വരെ ഭാഗങ്ങളിൽ 160 എം.എം പൈപ്പുകൾ സ്ഥാപിച്ചു. ഇവിടെ 160 എം.എം വ്യാസമുള്ള പൈപ്പിന് പകരം 90 എം.എം സ്ഥാപിച്ചത് വലിയ അഴിമതിയുടെ ഭാഗമാണെന്ന് പരാതിയുയർന്നിരുന്നു.
പദ്ധതി സംബന്ധിച്ച് ‘മാധ്യമം’ വാർത്താപരമ്പര നൽകിയിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധം ഉയരുകയും എം.എൽ.എ ഉന്നത ഉദ്യോഗസ്ഥയോഗം വിളിക്കുകയും ചെയ്തിരുന്നു. 90 എം.എം പൈപ്പ് മതി എന്ന ഉദ്യോഗസ്ഥരുടെ വാദം അംഗീകരിക്കാൻ ജനങ്ങൾ കൂട്ടാക്കിയില്ല.
ഒടുവിൽ അധികൃതർ റോഡിന്റ മറുഭാഗത്ത് 160 എം.എം പൈപ്പ് സ്ഥാപിക്കാൻ തയാറാവുകയായിരുന്നു. ഇതുസംബന്ധിച്ച് ഗുരുതര പരാതിയാണ് കെ.ഡബ്ല്യു.എ പ്രോജക്ട് ഡിവിഷന് നേരെ ഉയർന്നത്. ‘മാധ്യമം’ വാർത്തയെ തുടർന്ന് പദ്ധതി പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥ തലത്തിൽ കർശന പരിശോധനകൾ ആരംഭിച്ചിരുന്നു.
കൊണ്ടോട്ടി: ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനെതിരായ പോരാട്ടത്തിന്റെ വിജയമാണിതെന്ന് കലയൻപറമ്പ് റസിഡന്റ്സ് അസോസിയേഷൻ. പരാതിക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ വരെ ഇക്കാര്യത്തിൽ ഉണ്ടായിരുന്നെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. അറിവില്ലായ്മയും പ്രതികരണശേഷിയില്ലായ്മയുമാണ് ഇത്തരത്തിലുള്ള അഴിമതിക്ക് വളമാകുന്നതെന്ന് യോഗം വിലയിരുത്തി. ഏറ്റവും കൂടുതൽ കുടിവെള്ള പ്രശ്നം അനുഭവിക്കുന്ന ചോലക്കൽ പ്രദേശത്തുള്ളവർക്ക് കൂടി 160 എം.എം പൈപ്പ് ലഭിച്ചു എന്നത് സന്തോഷകരമാണ്. അഴിമതി പുറത്തുകൊണ്ടുവന്ന ‘മാധ്യമ’ത്തിനും കൂടെനിന്ന വിവിധ സാമൂഹിക കൂട്ടായ്മകൾക്കും യോഗം നന്ദി അറിയിച്ചു. ഷബീർ ബാബു മുക്കുമ്മൽ, അബ്ദുൽ ബാരി പാലക്കൽ, സി.പി. ഷംസീർ അഹ്മദ്, എം. ഷാഹിദ്, മുനീർ അഹ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.