കൊണ്ടോട്ടി: മാപ്പിളകല സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി നല്കുന്ന വൈദ്യര് പുരസ്കാരത്തിന് കാഥിക എച്ച്. റംല ബീഗം അര്‍ഹയായി. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരി എന്ന നിലയിലാണ് റംല ബീഗത്തെ തിരഞ്ഞെടുത്തതെന്ന് അക്കാദമി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
50,000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി ആറിന് കൊണ്ടോട്ടി വൈദ്യര് സ്മാരകത്തില്‍ നടക്കുന്ന വൈദ്യര് മഹോത്സവ സമാപന ചടങ്ങില്‍ മന്ത്രി സജി ചെറിയാന് സമ്മാനിക്കും. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന് യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ബീഗം ഏഴാം വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു. ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീര്‍ കഥാപ്രസംഗമാണ് ഏറെ ശ്രദ്ധേയം. 20 ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍നിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി, വൈസ് ചെയര്മാന് പുലിക്കോട്ടില്‍ ഹൈദരാലി, സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, അംഗങ്ങളായ കെ.എ. ജബ്ബാര്‍, എം.കെ. ജയഭാരതി, പി. അബ്ദുറഹ്മാന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.