കൊണ്ടോട്ടി: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലും പ്രധാന സംസ്ഥാന പാതകളിലും മാഞ്ഞുപോയ സീബ്രാ ലൈനുകള്‍ പുനസ്ഥാപിക്കാന്‍ നടപടി വൈകുമ്പോള്‍ കാല്‍നട യാത്ര അപകട മുനമ്പില്‍. തിരക്കേറിയ കൊണ്ടോട്ടി നഗര മധ്യത്തില്‍ സീബ്രാ ലൈനുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുമ്പോള്‍ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരുമടക്കമുള്ളവർ ജീവൻ കൈയിൽ പിടിച്ചാണ് റോഡുകൾ മുറിച്ചുകടക്കുന്നത്.
ദേശീയപാതയില്‍ ഐക്കരപ്പടി മുതല്‍ പൂക്കോട്ടൂര്‍ വരെ സീബ്രാ ലൈനുകളില്ലാത്തത് അപകടകെണിയാവുകയാണ്. ഗതാഗത നിയമങ്ങള്‍ പാലിക്കാതെയുള്ള വാഹനങ്ങൾക്കിടയിലൂടെ വേണം വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നടന്നു പോകാനും റോഡ് മുറിച്ചു കടക്കാനും. ദേശീയപാതയില്‍ കൊണ്ടോട്ടി കുറുപ്പത്ത്, 17-ാം മൈല്‍, പുളിക്കല്‍, മൊറയൂര്‍, മോങ്ങം, അറവങ്കര, പൂക്കോട്ടൂര്‍ മേഖലകളിലും പ്രശ്നം രൂക്ഷമാണ്. പ്രധാന സംസ്ഥാന പാതകളിലും സ്ഥിതി വ്യത്യസ്തമല്ല.
അപകടം ക്ഷണിച്ചുവരുത്തുന്ന പ്രശ്നത്തില്‍ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഇടപെടൽ നീളുകയാണ്. നടപ്പാതകളില്ലാത്തതും കാല്‍നടയാത്രക്ക് വെല്ലുവിളിയാണ്. ഓടകള്‍ക്ക് മുന്നിൽ സ്ഥാപിച്ച സ്ലാബുകളാണ് പ്രധാന സ്ഥലങ്ങളില്‍ നടപ്പാത. ഇതില്‍ മിക്കവയും തകര്‍ന്നതിനാൽ തട്ടിവീണും മറ്റും അപകടത്തില്‍പ്പെടുന്നതും പതിവാണ്.
കൊണ്ടോട്ടി മേഖലയിലെ സീബ്രാ ലൈനുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നഗരസഭ സമിതി പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത് വിഭാഗം റീജനല്‍ ഓഫിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.