മഞ്ചേരി: ഗവ. നഴ്സിങ് കോളജും നഴ്സിങ് സ്കൂളും ചെരണിയിലേക്ക് മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.എം.ഇ) സംഘം പരിശോധന നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടർ ഡോ. ഗീത രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന റിപ്പോർട്ട് സർക്കാറിനു സമർപ്പിക്കും. ചെരണിയിലെ 3.99 ഏക്കർ സ്ഥലം നഴ്സിങ് വിദ്യാഭ്യാസ സമുച്ചയം നിർമിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തി.
വിശദമായ പദ്ധതി തയാറാക്കാൻ പൊതുമരാമത്ത് വകുപ്പിനു നിർദേശം നൽകും. സ്ഥലം പരിശോധിച്ചതിന് ശേഷം മെഡിക്കൽ കോളജിൽ അവലോകന യോഗം ചേർന്നു. നിലവിൽ മെഡിക്കൽ കോളജ് കാമ്പസിലാണ് കോളജും സ്കൂളും പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജ് ജില്ല ആശുപത്രിയായിരുന്ന കാലത്തുതന്നെ നഴ്സിങ് സ്കൂൾ പ്രവർത്തനമാരംഭിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ നഴ്സിങ് കോളജ് തുടങ്ങിയത്.
പരിമിതമായ സൗകര്യങ്ങളിലാണ് വിദ്യാർഥികൾ പഠിക്കുന്നത്. കെട്ടിട സമുച്ചയം ഉയരുന്നതോടെ രണ്ട് സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന നഴ്സിങ് സ്ഥാപനങ്ങൾ ഒരു കാമ്പസിലേക്ക് മാറും. ഇന്ത്യൻ നഴ്സിങ് കൺസിൽ വ്യവസ്ഥയനുസരിച്ച് നഴ്സിങ് കോളജിനു മൂന്ന് ഏക്കർ സ്ഥലം വേണം. ജൂനിയർ സൂപ്രണ്ടുമാരായ എസ്. സജീവ്, രാജി പോൾ, സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി.വി. ജയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.