മഞ്ചേരി: ഗവ. നഴ്സിങ് കോളജിനും നഴ്സിങ് സ്കൂളിനുമായി ചെരണിയിൽ സ്ഥാപിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ രൂപരേഖക്ക് സർക്കാറിന്റെ അംഗീകാരം. പ്രവൃത്തി ഉടൻ തുടങ്ങാനാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നിലവിൽ മെഡിക്കൽ കോളജിന്റെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് നഴ്സിങ് കോളജ് പ്രവർത്തിക്കുന്നത്. നഴ്സിങ് സ്കൂളിന് സ്വന്തം കെട്ടിടം ഉണ്ടെങ്കിലും അസൗകര്യങ്ങൾക്ക് നടുവിലാണ്. ഇതോടെയാണ് കോളജും സ്കൂളും ചെരണിയിലേക്ക് മാറ്റിസ്ഥാപിക്കുന്നത്.
നഴ്സിങ് കോളജും സ്കൂളും ചെരണിയിലേക്ക് മാറ്റാൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിക്കുകയും പരിശോധനക്കും എസ്റ്റിമേറ്റ് തയാറാക്കാനും മരാമത്ത് വിഭാഗത്തിന് സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംഘം ചെരണിയിലെത്തി സ്ഥലം സന്ദർശിച്ചു. ഇതിന്റെ റിപ്പോർട്ടും സർക്കാറിലേക്ക് കൈമാറി. ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള 3.99 ഏക്കറിലാണ് കെട്ടിട സമുച്ചയം ഒരുക്കുന്നത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽനിന്ന് വേർപ്പെടുത്തി ജനറൽ ആശുപത്രി ചെരണിയിൽ സ്ഥാപിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ ജനറൽ ആശുപത്രിക്കായി 10 കോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാൽ, പിന്നീട് തുടർനടപടി ഉണ്ടായില്ല. ഈ സ്ഥലത്താണ് ഇപ്പോൾ കെട്ടിടം നിർമിക്കുന്നത്. മെഡിക്കൽ കോളജ് ജില്ല ആശുപത്രിയായിരുന്ന കാലത്തുതന്നെ നഴ്സിങ് സ്കൂൾ പ്രവർത്തനമാരംഭിച്ചിരുന്നു. കഴിഞ്ഞവർഷമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നഴ്സിങ് കോളജ് ആരംഭിച്ചത്. പരിമിത സൗകര്യങ്ങളിലാണ് വിദ്യാർഥികൾ പഠിക്കുന്നത്. പഴയ അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിലാണ് നഴ്സിങ് കോളജ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.