മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി കൂടുന്നില്ലെന്ന് ഏറനാട് താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. ആശുപത്രിയിൽ നടപ്പാക്കിയ കാര്യങ്ങൾ സൂപ്രണ്ട് വിശദീകരിച്ചപ്പോൾ വികസന സമിതി കൂടാതെയാണ് പല കാര്യങ്ങളും നടപ്പാക്കുന്നതെന്ന് അംഗങ്ങൾ പറഞ്ഞു.
സൂപ്രണ്ടിന്റെ അധികാരമുപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ മാത്രമാണ് നടപ്പാക്കുന്നതെന്നും ആശുപത്രി സമിതി കൂടിയില്ലെങ്കിലും ദൈനംദിന കാര്യങ്ങൾ നടത്തണമെന്നും സൂപ്രണ്ട് യോഗത്തെ അറിയിച്ചു. നേരത്തെയും വികസന സമിതി യോഗം ചേരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.
ചില സ്കൂൾ ബസുകളിൽ പരിധിയിൽ കൂടുതൽ വിദ്യാർഥികളെ കൊണ്ടുപോകുന്നത് എ.ഇ.ഒയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി റോഡിലെ ഓട്ടോ പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തും. ജൻ ഔഷധി മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച പരാതി അന്വേഷിക്കാൻ ജില്ല ഡ്രഗ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. കരിങ്കൽ ക്വാറികളിൽനിന്ന് ലോഡുമായി പോകുന്ന ലോറികൾ ഗതാഗത തടസ്സമുണ്ടാക്കുന്നത് നിയന്ത്രിക്കാൻ പൊലീസിന് നിർദേശം നൽകി.
ടിപ്പർ പോലുള്ള വലിയ വാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ അഞ്ച് വരെയും നിയന്ത്രണം കൊണ്ടു വരുമെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ പരിസരത്ത് മയക്കുമരുന്ന് സുലഭമായി ലഭിക്കുന്നതിനെതിരെ ആക്ഷൻ പ്ലാൻ സ്വീകരിക്കുന്നുണ്ടെന്ന് എടവണ്ണ സി.ഐ അറിയിച്ചു.
ചില ഫ്ലോർ മില്ലുകളിൽ നിലവാരമില്ലാത്ത പദാർഥങ്ങൾ വിറ്റഴിക്കുന്നത് അന്വേഷിക്കാൻ മലപ്പുറം ഫുഡ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി.
കീഴുപറമ്പ് മുറിഞ്ഞമാട് പ്രദേശത്തെ അനധികൃത ബോട്ട് സർവിസും യോഗത്തിൽ ചർച്ചയായി. വില്ലേജ് ഓഫിസർ, പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ സംയുക്ത പരിശോധന അടിയന്തരമായി നടത്താനും യോഗം തീരുമാനിച്ചു.
പി.മുഹമ്മദ് കാവനൂർ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഹാരിസ് കപ്പൂർ, ഡോ. മൊയ്തീൻ ഷാ, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ, പി.പി.എ.റഹ്മാൻ, ഇ. അബ്ദുല്ല, സന്തോഷ് പറപ്പൂർ, കെ.പി.എ. നസീർ, കെ.എം. ജോസ്, എൻ.പി. മോഹൻരാജ്, വല്ലാഞ്ചിറ നാസർ, സി.ടി. രാജു, ജോണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.