നിലമ്പൂർ: കോവിഡ് ആശുപത്രിയിലെ അന്തേവാസികൾക്ക് പുകയില ഉൽപന്നങ്ങൾ എത്തിച്ച യുവാവ് പിടിയിൽ. മണിമൂളി സ്വദേശിയായ 30കാരനാണ് പിടിയിലായത്.
നിലമ്പൂർ ഐ.ജി.എം.എം.ആർ സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തുക്കളും മണിമൂളി സ്വദേശികളുമായ നാല് യുവാക്കൾക്ക് വേണ്ടിയാണ് ഇയാൾ ഹാൻസ് ഉൾപ്പെടെ പുകയില ഉൽപന്നങ്ങൾ എത്തിച്ചത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ മണിമൂളിയിൽനിന്ന് സ്വന്തം കാറിലെത്തിയ പ്രതി ആശുപത്രി വളപ്പിന് പുറത്ത് കെ.എൻ.ജി റോഡിനോട് ചേർന്ന ഫ്ലാറ്റ് വളപ്പിൽനിന്ന് അന്തേവാസികളുമായി ഫോണിൽ ബന്ധപ്പെട്ട് മൂന്നാൾ പൊക്കമുള്ള മതിൽ കെട്ടിനകത്തേക്ക് ഉൽപന്നങ്ങൾ എറിഞ്ഞ് കൊടുക്കുകയായിരുന്നു.
സി.സി.ടി.വി കാമറ ദൃശ്യം അടക്കം നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർക്ക് ലഭിച്ചു. നിലമ്പൂർ ടൗണിൽ നിന്നാണ് ഇയാൾ പിടിയിലായത്.
പകർച്ചവ്യാധി വ്യാപനം തടയൽ നിയമപ്രകാരം പ്രതിക്കെതിരെ പിഴ ചുമത്തി വിട്ടയച്ചു. പുകയില ഉൽപന്നങ്ങൾ സ്വീകരിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെയും നിയമനടപടികളുണ്ടാവും. ഇൻസ്പെക്ടർ ടി.എസ്. ബിനു, എസ്.ഐ എം. അസൈനാർ, സി.പി.ഒ മജീദ്, ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.