നിലമ്പൂർ: ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ 314 ദിവസമായി നിലമ്പൂരിൽ നടന്ന ആദിവാസി ഭൂസമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം ആദിവാസികൾക്ക് 50 സെന്റ് ഭൂമി നൽകാമെന്ന് കലക്ടർ ഉറപ്പ് കൊടുത്തതോടെയാണ് സമരം അവസാനിച്ചത്. ബിന്ദു വൈലാശേരിയുമായി നിലമ്പൂർ താലൂക്ക് ഓഫിസിൽ കലക്ടർ വി.ആർ. വിനോദ് നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് തീരുമാനം.
ഗ്രോ വാസുവും പങ്കെടുത്തു. തീരുമാനപ്രകാരം സമരസമിതി നേതാക്കളായ ഗിരിദാസ്, വിജയൻ, മജീദ് ചാലിയാർ, വെൽഫെയർ പാർട്ടി ജില്ല ട്രഷറർ മുനീബ് കാരകുന്ന്, ജില്ല സെക്രട്ടറി ആരിഫ് ചുണ്ടയിൽ എന്നിവർ കലക്ടറേറ്റിലെത്തി ധാരണപത്രം വാങ്ങി.
വനംവകുപ്പ് നെല്ലിപ്പൊയിലിൽ റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയിൽ നിന്ന് ഭൂരഹിത കുടുംബങ്ങൾക്ക് 50 സെന്റ് വീതം നൽകും. 20 സെൻറ് വീതം നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സമരത്തെ തുടർന്ന് ഇവിടെ 40 സെൻറ് വീതം നൽകി. ഒരേക്കർ ഇല്ലെങ്കിൽ 50 സെന്റ് എങ്കിലും നൽകണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.
ഇത് കലക്ടർ തത്വത്തിൽ അംഗീകരിച്ചു. സുപ്രീം കോടതി വിധി പ്രകാരം ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വീതം നൽകണമെന്നാവശ്യപ്പെട്ടാണ് നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിന് മുന്നിൽ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ ആദിവാസി കൂട്ടായ്മ ഉപവാസ സമരം തുടങ്ങിയത്.
ഞായറാഴ്ച ബിന്ദുവിന്റെ ആരോഗ്യനില മോശമായി. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിന്റെ പരിശോധനയിൽ ആരോഗ്യനില പാടെ മോശമാണെന്ന് അറിയിച്ചു. ജില്ല ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. സമരപന്തലിൽ മരിച്ചുവീണാലും ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ചികിത്സക്ക് തയാറല്ലെന്നും ബിന്ദു നിലപാടെടുത്തു. രാത്രി പതിനൊന്നോടെയാണ് പൊലീസ് സമരപന്തലിൽ നിന്ന് മടങ്ങിയത്.
ഐ.ടി.ഡി.പി ഓഫിസ് നിലമ്പൂരിൽ നിന്ന് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയതോടെ സമരക്കാരും പന്തൽ കെട്ടി സമരം അങ്ങോട്ട് മാറ്റിയിരുന്നു. താലൂക്ക് ഓഫിസ് പരിസരത്ത് വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നു. കലക്ടർക്ക് പുറമെ അസി. കലക്ടർ സുമിത്ത് കുമാർ താക്കൂർ, നിലമ്പൂർ തഹസിൽദാർ ഇൻ ചാർജ് കെ.എസ്. അഷ്റഫ്, ഭൂരേഖ വിഭാഗം തഹസിൽദാർ എ. ജയശ്രീ, ഐ.ടി.ഡി.പി ഓഫിസർ ശ്രീരേഖ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.