പെരിന്തൽമണ്ണ: ആരോഗ്യസ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കാനുള്ള നിർദേശം സമയബന്ധിതമായി നടപ്പാക്കാത്തതിനാൽ ജില്ലയിൽ തിങ്കളാഴ്ച മുതൽ 40ൽപരം ആരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി മുടങ്ങി. ജൂൺ അവസാനത്തോടെ നിലവിലെ ഡോക്ടർമാരുടെ കാലാവധി കഴിയുന്നതിനാൽ നേരത്തേ അഭിമുഖം നടത്തി ഡോക്ടർമാരെ നിയമിക്കാൻ ജില്ല മെഡിക്കൽ ഓഫിസർ വേണ്ടത്ര താൽപര്യമെടുക്കാത്തതാണ് ഇത്രയേറെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സായാഹ്ന ഒ.പി മുടങ്ങാനിടയായത്.
ജില്ല മെഡിക്കൽ ഓഫിസർ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ, ജില്ല കലക്ടർ എന്നിവരടങ്ങിയ സമിതിയാണ് ഡോക്ടർമാരെ അഭിമുഖം നടത്തി നിയമന പട്ടിക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ മാർച്ച് 31ന് അവസാനിക്കേണ്ടിയിരുന്ന കരാർ ജൂൺ 30വരെ നീട്ടിനൽകിയിരുന്നു. ജൂൺ നാലിന് ഫലം പ്രഖ്യാപിച്ച ശേഷം ജൂൺ അഞ്ചുമുതൽ വേണ്ടത്ര സമയമുണ്ടായിട്ടും അഭിമുഖം നടത്തിയില്ല.
ഒടുവിൽ ജൂൺ 20നുശേഷം അഭിമുഖം നടത്തി ശനിയാഴ്ച പുലർച്ച രണ്ടിനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇ-മെയിലിൽ ഡോക്ടർമാരുടെ പട്ടിക നൽകിയത്. അതാകട്ടെ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഏഴ് പഞ്ചായത്തുണ്ടെങ്കിൽ ഏഴിടത്തേക്കും ഒരേ പട്ടിക. ആരെ എവിടെ നിയമിക്കണമെന്ന് വ്യക്തമല്ല. ഞായറാഴ്ച പൊതു അവധിയായതിനാൽ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഇത് ഒന്നും ചെയ്യാനായില്ല. തരംതിരിച്ച് ഡോക്ടർമാർ ഏത് കേന്ദ്രങ്ങളിൽ സേവനം ചെയ്യുമെന്ന് ഉറപ്പാക്കി സായാഹ്ന ഒ.പി പുനരാരംഭിക്കാൻ ഒരാഴ്ചയോളം വൈകാൻ ഇടയുണ്ട്. ജൂൺ 20, 21 തീയതികളിലാണ് അഭിമുഖം നടത്തിയത്.
നേരത്തേ അതത് പഞ്ചായത്ത് മെഡിക്കൽ ഓഫിസറും പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവരാണ് അഭിമുഖം നടത്തി നിയമിച്ചിരുന്നത്. കഴിഞ്ഞ വർഷം മുതലാണ് ജില്ലയിൽ കേന്ദ്രീകൃത സംവിധാനത്തിലാക്കിയത്. 95 പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളുള്ളതിൽ 60ൽതാഴെ കേന്ദ്രങ്ങളിലാണ് സായാഹ്ന ഒ.പി. എന്നാൽ, ഡി.എം.ഒ നൽകുന്ന റാങ്ക് പട്ടിക കാത്തിരിക്കാതെ ചില തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി അഭിമുഖം നടത്തി ഡോക്ടർമാരെ നിയമിക്കാൻ ശ്രമം നടത്തി. ഇത് പഞ്ചായത്തുകളിൽ ഓഡിറ്റ് ഒബ്ജക്ഷനിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.