പൊന്നാനി: പൊന്നാനി നഗരം വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനം. സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റുന്നത്.
അരനൂറ്റാണ്ടോളം പഴക്കമുള്ള വില്ലേജ് ഓഫിസ് കെട്ടിടം, ഇതിന് പിറക് വശത്തുള്ള കാലപ്പഴക്കമേറിയ ഇറിഗേഷൻ കെട്ടിടം, തെക്കുഭാഗത്തെ ചുറ്റുമതിൽ എന്നിവയാണ് പൊളിച്ചുനീക്കുക. കെട്ടിടം പൊളിച്ചുമാറ്റിയതിന് ശേഷമുള്ള സാധന സാമഗ്രികൾ ലേലം ചെയ്യാനുള്ള നടപടികളാണ് 27ന് രാവിലെ നടക്കുക. അതേസമയം, പൊളിച്ചുമാറ്റുന്ന വില്ലേജ് ഓഫിസ് എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
നേരത്തേ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം പ്രവർത്തിച്ചിരുന്ന ഓഫിസിലേക്ക് വില്ലേജ് ഓഫിസ് മാറ്റാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ, ഈ സ്ഥലം കോടതി കെട്ടിടത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ചന്തപ്പടിയിലെ പി.ഡബ്ല്യൂ.ഡി വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസ് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും കിലോമീറ്ററുകൾ ദൂരെ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നതിനുള്ള പ്രായോഗിക തടസ്സവുമുണ്ട്.
പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ തെക്ക് ഭാഗത്തായാണ് അനക്സ് കെട്ടിടം നിർമിക്കാൻ ധാരണ. പൊന്നാനി വില്ലേജ് ഓഫിസ് പൊളിച്ചുമാറ്റി ഈ സ്ഥലം കൂടി ഏറ്റെടുത്ത് മൂന്നുനില കെട്ടിടം നിർമിക്കാനാണ് തീരുമാനം. ഏകദേശം 12 ഓഫിസുകൾ പ്രവർത്തിക്കാൻ കഴിയുന്ന രൂപത്തിലായിരിക്കും കെട്ടിടം നിർമിക്കുക.
മിനി സിവിൽ സ്റ്റേഷനുമായി കണക്ട് ചെയ്യുന്ന രീതിയിലായിരിക്കും കെട്ടിടത്തിന്റെ ഘടന. പൊന്നാനി കോടതി കെട്ടിടം ശോചനീയമായതിനാൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകളെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറാനാകും.
കൂടാതെ സ്വകാര്യകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി, കോടതി കെട്ടിടത്തിലെ ലീഗൽ മെട്രോളജി ഓഫിസ്, നഗരസഭ കാര്യാലയത്തിലേക്ക് മാറിയ ഐ.സി.ഡി.എസ് ഓഫിസ് താലൂക്ക് ഓഫിസിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസ്, എന്നിവയെല്ലാം അനക്സ് കെട്ടിടത്തിലേക്ക് മാറ്റാനാകും. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യത്തോടെയുള്ള കെട്ടിടത്തിനുള്ള ഡിസൈനാണ് തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.