പൊന്നാനി: ദേശീയപാത നിർമാണത്തോടനുബന്ധിച്ചുണ്ടായ പുതുപൊന്നാനിയിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ ബദൽ സംവിധാനമൊരുക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കൊച്ചിൻ പ്രോജക്ട് മാനേജരോട് ആവശ്യപ്പെടാൻ നഗരസഭ ട്രാഫിക് ക്രമീകരണ സമിതിയിൽ തീരുമാനമായി.
പുതുപൊന്നാനി പാലത്തിലെ യാത്രപ്രശ്നം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പടിഞ്ഞാറ് ഭാഗത്ത് നിലവിലുള്ള സർവിസ് റോഡിലൂടെ ഇരുഭാഗത്തേക്കും ബസ് ഉൾപ്പെടെയുള്ള വാഹന ഗതാഗതത്തിന് ആവശ്യമായ സൗകര്യമൊരുക്കുന്നതിനും പുതുപൊന്നാനിയിലെ ഓവർ ബ്രിഡ്ജുകൾക്കിടയിൽ പുതുപൊന്നാനി ഭാഗത്തുള്ള സ്പാനുകൾക്കിടയിലൂടെ വാഹനങ്ങൾ ചുറ്റി വരാവുന്ന തരത്തിൽ റോഡ് വിപുലീകരണം നടത്തി സൗകര്യമൊരുക്കുവാനും ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു.
ബസ് സ്റ്റാൻഡ് കൊല്ലൻപടി റൂട്ടിൽ കൊല്ലൻപടിയിലെ കവിമുറ്റം പാർക്ക് ചുറ്റി ബസുകൾക്ക് പോകാൻ കഴിയുന്ന വിധത്തിൽ കവിമുറ്റത്തെ പാർക്കിങ് നിയന്ത്രിക്കുവാനും തീരുമാനിച്ചു. ഇക്കാര്യത്തിൽ ട്രാൻസ്പോർട്ട് വകുപ്പ്, പൊലീസ് വകുപ്പുകൾ പരിശോധന നടത്തി പ്രാവർത്തികമാക്കും.
നിളയോര ടൂറിസം പാതയിലൂടെ ചരക്കു വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു കൊണ്ടുള്ള ഹൈ ലൈറ്റ് സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
കുണ്ടുകടവ് ജങ്ഷനിലെ വലിയ വാഹനങ്ങളുടെ പാർക്കിങ് നിയന്ത്രിക്കും. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തിൽ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർത്ഥൻ, മരാമത്ത് സ്ഥിരംസമിതി ചെയർമാൻ ഒ.ഒ. ഷംസു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് സൂർപ്പിൽ, പൊലീസ് സബ് ഇൻസ്പെക്ടർ ടി.ഡി. അനിൽ, പൊതുമരാമത്ത് റോഡ് സ് വിഭാഗം എൻജിനീയർ ദിനീഷ്, പൊതുമരാമത്ത് ദേശീയപാത ഡിവിഷൻ എൻജിനീയർ ലസിത, ഡെപ്യൂട്ടി താഹസിൽദാർ പി.കെ. സുരേഷ്, നഗരസഭ സെക്രട്ടറി എസ്. സജിറൂൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.