പൊന്നാനി: വിവിധ വകുപ്പുകൾക്ക് കീഴിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം താലൂക്ക് വികസന സമിതിയിൽ തീരുമാനിച്ചിട്ടും തുടർ പ്രവർത്തന നടപടികൾ റിപ്പോർട്ടായി സമർപ്പിക്കാത്തതിനെതിരെ പ്രതിഷേധവുമായി അംഗങ്ങൾ രംഗത്ത്. തീരുമാനങ്ങൾ ഉദ്യോഗസ്ഥർ അടുത്ത വികസന സമിതിക്ക് മുമ്പായി റിപ്പോർട്ടായി സമർപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു.
ശുദ്ധീകരിക്കാത്ത വെള്ളം വരുന്നത് വാട്ടർ അതോറിറ്റി പരിശോധിക്കണമെന്നും ജങ്കാർ സർവിസ് പുറത്തൂർ ഗ്രാമപഞ്ചായത്തിന് നൽകാതെ നഗരസഭക്ക് കീഴിൽ കൊണ്ടുവരണമെന്നും ഭാരതപ്പുഴയിലെ അനധികൃത മണലെടുപ്പിനെതിരെ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അതേസമയം, ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള നടപടി വേഗത്തിലാക്കാനും തീരുമാനിച്ചു. പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ എത്രയും വേഗം കടൽഭിത്തി നിർമിക്കണമെന്നും ജലജീവൻ മിഷനുവേണ്ടി പൊളിച്ച റോഡുകൾ എത്രയും വേഗം പുനർ നിർമിക്കണമെന്നും പൊന്നാനി താലൂക്ക് പരിധിയിൽ പട്ടയം നൽകുന്ന നടപടികൾ വേഗത്തിലാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പൊന്നാനിയിലെ കോൾപാടങ്ങൾ തരിശാക്കി ഇടാതിരിക്കുന്നതിന് പമ്പ്സെറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും വളയംകുളത്തെ ദേശാടനപ്പക്ഷികൾ ഉള്ള മരം മുറിക്കുന്നത് സംബന്ധിച്ച് എത്രയും വേഗം ട്രീ കമ്മിറ്റി കൂടി നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.