പൊന്നാനി: നഗരസഭ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണവും വർധിച്ചു വരുന്ന സാഹചര്യത്തിൽ രണ്ടാം ഘട്ട കുത്തിവെപ്പിന് (ഓപറേഷൻ സീറോ റാബീസ്) തുടക്കം കുറിച്ചു. സമ്പൂർണ പേ വിഷവിമുക്ത വാക്സിനേഷൻ നടത്തി തെരുവുനായ് ആക്രമണം കുറക്കുകയാണ് ലക്ഷ്യം. ശനിയാഴ്ച രാവിലെ ഏഴിന് നിളയോര പാതയിലെ ജിം റോഡിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
24ാം തിയ്യതി വരെ നഗരസഭയിലെ 51 വാർഡിലും പരിപാടി നടപ്പാക്കും. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പരമാവധി തെരുവുനായ്ക്കളെ കുത്തിവെപ്പിന് വിധേയമാക്കാനാണ് തീരുമാനം. നഗരസഭയുടെ 2024 - 25 വാർഷിക പദ്ധതിയിൽ വകയിരുത്തിയ ഒരു ലക്ഷം ചെലവഴിച്ചാണ് പരിപാടി നടക്കുന്നത്. ഇതിന് പുറമെ എ.ബി.സി പ്രോഗ്രാം നടപ്പാക്കുന്നതിനാവശ്യമായ ഫണ്ടും നഗരസഭ വകയിരുത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പാക്കുന്ന മുറക്ക് നഗരസഭയുടെ വിഹിതം കൈമാറും. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർ മഞ്ചേരി ഇഖ്ബാൽ, നഗരസഭ സെക്രട്ടറി എസ്. സജിറൂൺ, ഡോ. അങ്കിരസ്, ഡോ. ഷീജ വാസു, ടി. വിനീത് രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.