പൊന്നാനി: കടബാധ്യതയെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു. പാലപ്പെട്ടി വടക്കേ തട്ടുപറമ്പ് സ്വദേശി ഇടശ്ശേരി ഹൈദ്രുവിൻ്റെ ഭാര്യ മാമി (82) യാണ് മരിച്ചത്.
വർഷങ്ങൾക്ക് മുമ്പ് ഇവരുടെ മൂത്ത മകൻ ആലി അഹമ്മദ് പാലപ്പെട്ടി എസ്.ബി.ഐ ബാങ്കിൽ വീടിന്റെ ആധാരം വെച്ച് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ലോൺ തിരിച്ചടക്കുന്നതിനിടെ നാല് വർഷം മുമ്പ് ഇയാളെ അബൂദാബിയിൽ നിന്ന് കാണാതായി. ഇതോടെ തിരിച്ചടവ് മുടങ്ങി. കുടിശ്ശിക പലിശയടക്കം 42 ലക്ഷമായി ഉയർന്നു. തുടർന്ന് ബാങ്ക് അധികൃതർ ഇന്നലെയാണ് കിടപ്പുരോഗി കൂടിയായ മാമിയെ പുറത്താക്കി വീട് ജപ്തി ചെയ്ത് താക്കോലുമായി പോയത്.
വൈകീട്ട് പൊലീസിന്റെയും കോടതി ജീവനക്കാരുടെയും ഒപ്പം എത്തിയ ബാങ്കുകാർ ജപ്തിയുടെ ഭാഗമായി മാമിയെ വീട്ടിൽനിന്ന് പുറത്താക്കി മകന്റെ വീട്ടിലേക്കാണ് മാറ്റിയത്. ഇതിന്റെ മനോവിഷമത്തിലാണ് മണിക്കൂറുകൾക്കകം മരണം സംഭവിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.