പുലാമന്തോൾ: വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കവെ പോരാട്ട നാളുകളുടെ ജ്വലിക്കുന്ന സ്മരണയിൽ പുലാമന്തോൾ. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയാണ് പുലാമന്തോൾ, ചെമ്മലശ്ശേരി, പാലൂർ, കുരുവമ്പലം, വളപുരം പ്രദേശവാസികൾ സമര പോരാട്ടങ്ങളിൽ അണിചേർന്നത്.
ഇതോടെ ബ്രിട്ടീഷുകാരുടെ തുല്യതയില്ലാത്ത ക്രൂരതകൾക്ക് ഇവർ ഇരകളാവേണ്ടി വന്നു. 1921ൽ ആയിരുന്നു പുലാമന്തോളിലെ കൊല്ലിയത്ത് മമ്മദ്, കാഞ്ഞിരക്കടവത്ത് കുഞ്ഞുണ്ണീൻ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്നത്. സ്വാതന്ത്ര്യ സമര സേനാനികളുമായി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന പട്ടാള വാഹനത്തിൽ കയറാനുള്ള ആജ്ഞ നിരസിച്ചതിനായിരുന്നു ഇത്.
ഇതേവർഷം തന്നെയാണ് വളപുരത്തെ കല്ലെത്തൊടി കുഞ്ഞുണ്ണീൻ മുസ്ലിയാരെ അകാരണമായി ബ്രിട്ടീഷ് പട്ടാളം പെരിന്തൽമണ്ണ സബ് ജയിലിൽ അടച്ചത്. ഇതിൽ പ്രതിഷേധിച്ച് സബ് ജയിൽ പരിസരത്തും മറ്റും എത്തിയവരെ കൂട്ടമായി ജയിലിലടച്ചതിന്റെ തുടർച്ചയായാണ് വാഗൺ കൂട്ടക്കൊല നടന്നത്.
തുടർന്ന് 1934, 1941 വർഷങ്ങളിലും അകാരണ അറസ്റ്റും ജയിൽവാസവും പുലാമന്തോളിലേയും പരിസരങ്ങളിലുള്ളവരേയും തേടിയെത്തി. കെ.എം. ബാപ്പുട്ടി മാസ്റ്റർ, മലവട്ടത്ത് മുഹമ്മദ് ഹാജി എന്നിവർക്കൊപ്പം നൂറോളം സമര നായകരാണ് സ്വാതന്ത്ര്യ സമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. 1930കളുടെ തുടക്കത്തിൽ പുലാമന്തോളിലും പരിസരങ്ങളിലും സ്വാതന്ത്ര്യ സമരം ശക്തിപ്രാപിച്ചു.
തുടർന്ന് എം.പി. ഗോവിന്ദ മേനോൻ പ്രസിഡന്റും, ഇ.പി. ഗോപാലൻ സെക്രട്ടറിയുമായ വള്ളുവനാട് താലൂക്ക് കോൺഗ്രസ് കമ്മിറ്റി സമരം ശക്തമാക്കി. 1933ൽ ജയിൽ മോചിതനായ ഇ.എം.എസിന് ആദ്യമായി സ്വീകരണമൊരുക്കിയത് പുലാമന്തോളിലായിരുന്നു. അതിനിടെ 1935ൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന ബാബു രാജേന്ദ്രപ്രസാദ് പുലാമന്തോൾ സന്ദർശിച്ച് രാഷ്ട്രീയ അവബോധം വളർത്തി.
1938ൽ എ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന കാർഷിക ജാഥയിൽ തെക്കേമലബാറിൽ നിന്നുള്ള അംഗമായിരുന്നു മുഹമ്മദ് ഹാജി. 1940 പറപ്പൂർ കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്ത ഇദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനം നടത്തിയതിന് രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റിലായി. മഞ്ചേരി, ബല്ലാരി, കണ്ണൂർ ജയിലുകളിലായി ഒരു വർഷത്തിലധികം കഠിനതടവ് അനുഭവിച്ചു.
1942ൽ നിരോധിക്കപ്പെട്ട ‘സ്വതന്ത്ര ഭാരതം’ പത്രത്തിന്റെ പ്രചാരകനായി നിയോഗിച്ചത് മുഹമ്മദ് ഹാജിയെയായിരുന്നു. 1973ൽ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്രപത്രം ലഭിച്ചു. കെ.എം. ബാപ്പുട്ടി മാസ്റ്റർ 1930ൽ വിദേശ വസ്ത്ര ബഹിഷ്കരണം, മദ്യഷാപ്പ് വിരുദ്ധ സമരം എന്നിവയിലൂടെയാണ് സമരത്തിലേക്കിറങ്ങുന്നത്. 1941 ആഗസ്ത് 31ന് അർധരാത്രിയിൽ പൊലീസ് പിടിച്ച് ജയിലിലടച്ചു.
15 ദിവസത്തിനുശേഷം വിട്ടയച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് വെല്ലൂർ സെൻട്രൽ ജയിലിലടച്ചു. അവിടെ ഒരു വർഷം തടവിലിട്ടു. ഇ. മൊയ്തു മൌലവി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ.എം.എസ്, ഇ.പി. ഗോപാലൻ, കുഞ്ഞുണ്ണി നായർ, ഗോപാലൻ നായർ ഇരുമ്പിളിയം തുടങ്ങിയവർ കെ.എം. ബാപ്പുട്ടി മാസ്റ്ററുടെയും മുഹമ്മദ് ഹാജിയുടെയും സഹതടവുകാരായിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെയും ക്ഷണം സ്വീകരിച്ച് പ്രത്യേക അതിഥിയായും 2003ൽ ക്വിറ്റ് ഇന്ത്യ സമര വാർഷികത്തിൽ പങ്കെടുക്കാനും ഡൽഹി സന്ദർശിച്ചു. ഇരുവരുടെയും മരണം വരെയും രാഷ്ടപതിമാരും പ്രധാനമന്ത്രിമാരും സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ച് കത്തയക്കുന്നത് പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.