പുലാമന്തോൾ: കുവൈത്ത് ദുരന്തത്തിൽ വിട പറഞ്ഞ മരക്കാടത്ത് പറമ്പിൽ ബാഹുലേയനെ ഒരുനോക്ക് കാണാൻ പുലാമന്തോൾ തിരുത്തിലേക്ക് നാട് ഒഴുകിയെത്തി. വെള്ളിയാഴ്ച രാവിലെ മുതൽ തുടങ്ങിയ ജനപ്രവാഹം വൈകീട്ട് മൂന്നോടെ നിയന്ത്രണാതീതമായി. ഉച്ചക്ക് 12നാണ് മൃതദേഹവുമായി ആംബുലൻസ് നെടുമ്പാശ്ശേരിയിൽനിന്ന് പുലാമന്തോളിലേക്ക് തിരിച്ചത്. മുറ്റത്തും റോഡരികിലും കാത്തുനിന്നവർക്കിടയിലേക്ക് വൈകീട്ട് 3.35ഓടെയാണ് ആംബുലൻസ് എത്തിയത്. ഇതോടെ വീട്ടുകാർക്കും ബന്ധുക്കൾക്കും ദുഃഖം നിയന്ത്രിക്കാനായില്ല. വീട്ടിലെത്തിച്ച മൃതദേഹത്തിൽ കുടുംബാംഗങ്ങൾ അന്തിമോപചാരമർപ്പിച്ചശേഷം മരക്കാടത്ത് പറമ്പ് കുടുംബക്ഷേത്രമുറ്റത്ത് പൊതുദർശനത്തിന് വെച്ചു. അഞ്ചു മണിയോടെ ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, വി.കെ. ശ്രീകണ്ഠൻ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, സി.പി. മുഹമ്മദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മുസ്തഫ, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ, വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ പനങ്ങാട്, ഏലംകുളം പഞ്ചായത്ത് പ്രസിഡൻറ് സി. സുകുമാരൻ, ജില്ല കലക്ടർ വി.ആർ. വിനോദ്, ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ. എന്നിവർ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.