മലപ്പുറം: അധ്യയനവർഷത്തിൽ 200 പ്രവൃത്തി ദിനം തികക്കാൻ 28 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കാനുള്ള നീക്കം ഹയർസെക്കൻഡറി മേഖലയിൽ അനാവശ്യമാണെന്ന് അധ്യാപക സംഘടനകൾ. വിദ്യാർഥികൾ അനുഭവിക്കുന്ന അമിത പഠനഭാരവും പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കുള്ള സമയക്കുറവും യു.ഡി.എഫ് സർക്കാർ നിയമിച്ച ലബ്ബ കമ്മിറ്റി ശാസ്ത്രീയമായ പഠനം നടത്തിയാണ് ശനിയാഴ്ചയിലെ അധ്യയന സമയം മറ്റു ദിവസങ്ങളിലായി ക്രമീകരിച്ചത്.
കൂടാതെ പഠനേതര പ്രവർത്തനങ്ങളായ എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.സി.സി തുടങ്ങിയവ അധ്യയന സമയം നഷ്ടമാവാതെ ഇപ്പോൾ ശനിയാഴ്ചകളിൽ നടത്തുന്നുണ്ട്. ആഴ്ചയിൽ ആറുദിവസവും പ്രവൃത്തി ദിനമായിരുന്ന സമയത്ത് വലിയ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്ന വിദ്യാർഥികൾക്ക് പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് ആഴ്ചയിൽ ഒരു ശനിയാഴ്ച ലഭ്യമായത് ഏറെ ആശ്വാസമായിരുന്നുവെന്നും സംഘടനകൾ പറയുന്നു.
മലപ്പുറം: ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള നീക്കം അനാവശ്യമാണെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) ജില്ല കമ്മിറ്റി. ഹയർ സെക്കൻഡറിയിൽ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയ സമയത്ത് ഇത് മറ്റു ദിവസങ്ങളിൽ ക്രമീകരിക്കുകയാണുണ്ടായത്.
ഇതനുസരിച്ച് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.00 മുതൽ വൈകീട്ട് 4.45 വരെയാണ് അധ്യയന സമയം. ഇടവേളകൾ ഒഴിവാക്കിയാൽ തന്നെ ദിവസേന ആറര മണിക്കൂറിലേറെ അധ്യയന സമയം കുട്ടികൾക്ക് നിലവിൽ ലഭിക്കുന്നുണ്ട്.
ഇതനുരിച്ച് കേന്ദ്ര വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന തരത്തിൽ അധ്യയന വർഷത്തിൽ 1000 മണിക്കൂർ തികക്കാൻ 160ൽ താഴെ ദിവസം മാത്രം മതിയെന്നിരിക്കെ 180 മുതൽ 200 വരെ അധ്യയന ദിവസങ്ങൾ ഇപ്പോൾ തന്നെ ലഭ്യമാവുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് റോയിച്ചൻ ഡൊമനിക് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് കെ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഡോ. വി. അബ്ദുസ്സമദ്, ടി.എസ്. ഡാനിഷ്, ജില്ല സെക്രട്ടറി കെ. സനോജ്, എ. രാജേഷ്, കെ. ജിതേഷ്, കെ.ടി. അബ്ദുൽ കരീം, എൻ. അബ്ദുൽ ഷരീഫ്, കെ. മുഹമ്മദ് റസാഖ്, കെ.സി. സജീഷ്, പി.ജി. ഷീജ, കെ. ശ്രീകാന്ത്, എ. മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.
മലപ്പുറം: ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയാൽ വിദ്യാർഥികൾക്ക് പഠനഭാരം ഏറുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) അഭിപ്രായപ്പെട്ടു. ഹയർ സെക്കൻഡറി പാഠ്യസമയ ക്രമമനുസരിച്ച് പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം നിലവിലേ ലഭ്യമാണെന്നിരിക്കെ കൂടുതൽ ശനിയാഴ്ചകൾ പഠനത്തിനായി ഏർപ്പെടുത്തേണ്ട ആവശ്യമില്ല. വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നീക്കമാണിതെന്നും ഇതിൽനിന്ന് വിദ്യാഭ്യാസ വകുപ്പ് പിൻമാറണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.