താനൂർ : സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവറയിൽ കഴിയുന്ന ഫറോക്ക് സ്വദേശിയായ അബ്ദു റഹീമിന്റെ മോചനത്തിന് മോചനദ്രവ്യമായ 32 കോടി രൂപ സമാഹരിച്ചു നൽകുന്നതിനായി നാടാകെ കൈകോർത്ത് പ്രവർത്തിക്കുന്നതിനിടെ പിന്തുണയുമായി താനാളൂരിലെ ബസ് ഉടമ മുഷ്താഖും.
സൗദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദു റഹീമിന്റെ ഒരു നിമിഷത്തെ കൈപ്പിഴ കാരണം തൊഴിലുടമയായ സൗദി സ്വദേശിയുടെ ഭിന്നശേഷിക്കാരനായ കുഞ്ഞിന്റെ ജീവൻ ഇല്ലാതായതോടെയാണ് അബ്ദുറഹീം കേസിലകപ്പെടുന്നത്. കൊലക്കുറ്റം ചുമത്തപ്പെട്ട അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു. 18 വർഷമായി ജയിലിൽ തുടരുന്ന ഇദ്ദേഹത്തിന്റെ ശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കുഞ്ഞിന്റെ രക്ഷിതാക്കൾ ആവശ്യപ്പെട്ട 32 കോടി രൂപ നൽകുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് മനസ്സിലാക്കി നാട്ടിലും വിദേശത്തുമുള്ള മലയാളികൾ നടത്തുന്ന ധനസമാഹരണ ശ്രമങ്ങൾക്കുള്ള പിന്തുണയുമായാണ് താനാളൂരിലെ ബസ് ഉടമ മുഷ്താഖും രംഗത്തെത്തിയത്. തലക്കടത്തൂർ-വൈലത്തൂർ-വട്ടത്താണി തിരൂർ റോഡിലൂടെ സർവിസ് നടത്തുന്ന തന്റെ ഉടമസ്ഥതയിലുള്ള ഹസ്തം ബസിന്റെ പെരുന്നാൾ പിറ്റേന്നത്തെ കളക്ഷൻ നീക്കിവെക്കാനാണ് തീരുമാനിച്ചത്. താനാളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹസ്തം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകൻ കൂടിയായ മുഷ്താഖിന്റെ തീരുമാനത്തിന് പിന്തുണയുമായി ‘ഹസ്തം’ പ്രവർത്തകരുമുണ്ട്. വ്യാഴാഴ്ചത്തെ ബസ്സിന്റെ കാരുണ്യയാത്രയിലെ ഫണ്ട് കളക്ഷൻ ഉദ്ഘാടനം ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.പി. റഫീഖും സെക്രട്ടറി സി. അബ്ദുറഹ്മാനും ചേർന്ന് നിർവഹിച്ചു. ആദ്യ കളക്ഷൻ തുക ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ഷറഫുദ്ദീൻ ഏറ്റുവാങ്ങി. ബസ് ഉടമ മുഷ്താഖ്, ഫിജാസ് ബാബു, റാഷിദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.