തിരുനാവായ: ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്നതും ഡിസ്ട്രിക്ട് ബോർഡു വഴി ഗ്രാമപഞ്ചായത്തിന് ലഭിച്ചതുമായ നെടിയാരക്കുളം അധികൃതരുടെ അവഗണന കൊണ്ട് കൊണ്ട് കാടുമൂടി നശിക്കുന്നു. മുൻകാലങ്ങളിൽ സമീപ വാസികൾ കുളിക്കാനും അലക്കാനും നെല്ല്-തെങ്ങ് കൃഷികൾക്ക് ജലസേചനത്തിനായും ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരേക്കറിലധികം വരുന്ന വിശാലമായ ഈ കുളം സംരക്ഷിക്കാനായി മുമ്പ് ജെ.ആർ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. അന്ന് റേമ്പ് മാതൃകയിൽ കരിങ്കല്ല് ബോളറുകൾ പതിച്ചുകെട്ടിയ സംരക്ഷണ ഭിത്തികൾ തകർന്ന് കുളം ഇപ്പോൾ ഉപയോഗരഹിതമാണ്. കുളവാഴയും പായലും മൂടി മനുഷ്യർക്ക് ഉപയോഗിക്കാൻ പറ്റാതായിട്ടുണ്ട്.
രണ്ട് മൂന്ന് വർഷം മുമ്പ് തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുളം സംരക്ഷിക്കാൻ ചില പ്രവൃത്തികൾ ചെയ്തെങ്കിലും അത് അപൂർണമായിരുന്നു. ആദ്യം ചെയ്യേണ്ട പ്രവൃത്തി ചെയ്യാതെ പടിഞ്ഞാർ-തെക്ക് ഭാഗങ്ങളിൽ ഭാഗികമായി ഭിത്തി നിർമിച്ച് നിർത്തുകയായിരുന്നു.
നെടിയാരം-നെച്ചിക്കോട് റോഡ് കടന്നുപോകുന്നത് കുളത്തിന്റെ വടക്ക് ഭാഗത്തു കൂടിയാണ്. ഈ ഭാഗത്ത് ഭിത്തി കെട്ടാത്തതിനാൽ റോഡ് ഇടിഞ്ഞു പോകുന്ന സ്ഥിയിലാണ്. വടക്ക് ഭാഗത്ത് ഭിത്തി ആദ്യം നിർമിച്ചിരുന്നെങ്കിൽ റോഡിനു കൂടി ഉപകാരപ്പെടുമായിരുന്നു. 14-ാം പഞ്ചവത്സരപദ്ധതിയിലെ ഒന്നും രണ്ടും പാദങ്ങൾ കഴിഞ്ഞുപോയെങ്കിലു മൂന്നാം പാദത്തിലെങ്കിലും ത്രിതല പഞ്ചായത്തുകളിൽ എവിടെയെങ്കിലും നെടിയാരക്കുളം ഉൾപ്പെടുത്തുമെന്നും കുളിക്കടവുകളോടെ കുളം ഉപയോഗയോഗ്യമാക്കുമെന്ന പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.