തിരൂരങ്ങാടി: ജില്ല ആർ.ടി.ഒയുടെ ഇടപെടലോടെ തിരൂരങ്ങാടി ആർ.ടി.ഒ ഓഫിസിലെ ദുരിതത്തിന് അറുതിയായി. തിരൂരങ്ങാടിയിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും ഡ്രൈവിങ് ടെസ്റ്റും തീർപ്പാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്ന് രണ്ട് എം.വി.ഐമാരെ താൽക്കാലികമായി നിയമിച്ചു.
ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ഏറെ നാളായി ഗുണഭോക്താക്കൾക്ക് സേവനങ്ങൾ യഥാസമയം തീർപ്പാക്കാൻ പ്രയാസമായിരുന്നു. രണ്ട് എം.വി.ഐമാരുടെ തസ്തികളുണ്ടായിട്ടും തിരൂരങ്ങാടി ഓഫിസിൽ ഒരു എം.വി.ഐ മാത്രമാണ് ഉണ്ടായിരുന്നത്.
ജില്ലയിൽ ഏറ്റവും തിരക്കുള്ള ഓഫിസായ തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫിസിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് കാരണം പ്രയാസമനുഭവിച്ച പൊതുജനങ്ങളും ഡ്രൈവർമാരും ഏറെ ആശ്വാസത്തിലാണ്. ജില്ല ആർ.ടി.ഒ ബി. ഷഫീക്കിന്റെ ഇടപെടൽ. തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫിസിൽ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് ഉണ്ടാകേണ്ടത്. എന്നാൽ ഓഫിസിൽ ഇപ്പോഴുള്ളത് ഒരു എം.വി.ഐ മാത്രമാണ്. ഡ്രൈവിങ് ടെസ്റ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്ന് താൽക്കാലികമായി ഒരു എം.വി.ഐയെയും കൂടി നിയമിച്ചിരുന്നു.
എന്നാൽ ഇദ്ദേഹത്തിന് ഡ്രൈവിങ് ടെസ്റ്റ് നടത്താനല്ലാതെ ഓഫിസിലെത്തുന്ന ലൈസൻസ് സംബന്ധമായ പരാതികൾ ഉൾപ്പെടെ തീർപ്പാക്കുന്നതിനോ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്നതിനോ അധികാരം ഉണ്ടായിരുന്നില്ല. നിലവിൽ ഉണ്ടായിരുന്ന എം.വി.ഐ അത്യാവശ്യങ്ങൾക്ക് പോലും ലീവ് എടുത്താൽ തിരൂരങ്ങാടിയിൽ ഫിറ്റ്നസ് പരിശോധന മുടങ്ങുന്ന അവസ്ഥയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ഇതുപോലെ ഫിറ്റ്നസ് പരിശോധന നടത്താൻ സാധിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ല ആർ.ടി.ഒ ബി. ഷഫീഖ് കഴിഞ്ഞ ദിവസം രാവിലെ തിരൂരങ്ങാടി ആർ.ടി ഓഫിസിൽ മിന്നൽ പരിശോധന നടത്തിയത്. തിരൂരങ്ങാടിയിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും ഡ്രൈവിങ് ടെസ്റ്റും തീർപ്പാക്കാനാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്ന് എം.വി.ഐമാരായ കെ.എം. അസൈനാർ, അയ്യപ്പദാസ് എന്നിവരെ താൽക്കാലികമായി നിയമിച്ചത്. ഓഫിസിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ എം.വി.ഐ ബിജുവിന് ചുമതലയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.