തുവ്വൂർ: മുസ്ലിം ലീഗ് നൽകിയ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ബോർഡ് യോഗം ചേരാനിരിക്കെ പ്രസിഡന്റിന്റെ നാടകീയ രാജി. തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ പി.ടി. ജ്യോതിയാണ് തിങ്കളാഴ്ച രാവിലെ രാജിവെച്ചത്. രാജി സ്വീകരിച്ച സെക്രട്ടറി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് ടി.എ. ജലീലിന് നൽകി ഉത്തരവിറക്കി.
യു.ഡി.എഫ് ധാരണ പ്രകാരം 15 മാസമാണ് കോൺഗ്രസിന് പ്രസിഡന്റ് പദം നൽകിയിരുന്നത്. ഇതനുസരിച്ച് ഏപ്രിൽ അഞ്ചിന് രാജി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മേയ് 12നേ കാലാവധി തീരൂ എന്നായിരുന്നു കോൺഗ്രസ് വാദം.
രാജി നീണ്ടതോടെ ഏപ്രിൽ ഒമ്പതിന് ലീഗ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകുകയാണുണ്ടായത്. അവിശ്വാസം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച പഞ്ചായത്ത് ബോർഡ് യോഗവും വിളിച്ചു. ഇതിനിടെയാണ് ജ്യോതിയുടെ രാജിയുണ്ടായത്.
അതേസമയം പ്രസിഡന്റിനോടൊപ്പം പദവി ഒഴിയേണ്ട വൈസ് പ്രസിഡന്റ് മുസ് ലിം ലീഗിലെ ടി.എ. ജലീൽ രാജിവെച്ചിട്ടുമില്ല. 2020ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റിലും വിജയിച്ച് യു.ഡി.എഫ് സമ്പൂർണ ആധിപത്യം നേടിയ പഞ്ചായത്താണ് തുവ്വൂർ. 17 അംഗ ബോർഡിൽ ലീഗിന് പത്തും കോൺഗ്രസിന് ഏഴും അംഗങ്ങളാണുള്ളത്.
തുവ്വൂർ: ധാരണകൾ ലംഘിച്ച് പ്രസിഡന്റ് പദത്തിൽ തുടർന്ന കോൺഗ്രസിന് അതേ നാണയത്തിൽ തിരിച്ചടി നൽകാനൊരുങ്ങി മുസ്ലിം ലീഗ്. വൈസ് പ്രസിഡന്റ് പദം ഇനി കോൺഗ്രസിന് നൽകേണ്ടതില്ല എന്നാണ് ലീഗ് തീരുമാനം എന്നറിയുന്നു. പ്രസിഡന്റിനോടൊപ്പം രാജിവെക്കേണ്ട വൈസ് പ്രസിഡന്റ് പദം ലീഗ് ഒഴിയാത്തത് ഇതിന്റെ ഭാഗമായാണ്. 17 ൽ 10 അംഗങ്ങളുള്ളതിനാൽ ഒറ്റക്ക് ഭരിക്കാനും ലീഗിന് കഴിയും.
പ്രസിഡന്റ് ജ്യോതി രാജിവെക്കാൻ വിസമ്മതിച്ചതും ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തയാറാകാതിരുന്നതും വിഷയത്തിൽ ഇടപെടാൻ എ.പി. അനിൽകുമാർ എം.എൽ.എ താൽപര്യം കാണിക്കാതിരുന്നതുമാണ് ലീഗിനെ ചൊടിപ്പിച്ചത്. അതുകൊണ്ട് കോൺഗ്രസിന് ഇനി വൈസ് പ്രസിഡന്റ് പദം നൽകേണ്ടതില്ലെന്നാണ് പ്രവർത്തകരുടെ സമ്മർദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.