വളാഞ്ചേരി: ഗതാഗത നിയമം ലംഘിക്കുന്നവരെയും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും കുരുക്കിലാക്കാൻ നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 32 കാമറകളാണ് സ്ഥാപിച്ചത്. വളാഞ്ചേരി ജങ്ഷൻ, ഷോപ്പിങ് കോംപ്ലക്സ്, മാർക്കറ്റ്, നഗരസഭ ബസ് സ്റ്റാൻഡ്, ബസ് കാത്തിരിപ്പ് കേന്ദ്രം, നഗരസഭ ഓഫിസ് പരിസരം, കോഴിക്കോട് റോഡ്, തൃശൂർ റോഡ്, പട്ടാമ്പി റേഡ്, പെരിന്തൽമണ്ണ റോഡ് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്.
ഇതിൽ ജങ്ഷനിൽ സ്ഥാപിച്ച നാല് കാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഡിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്. നഗരസഭ ഓഫിസിലും, പൊലീസ് സ്റ്റേഷനിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്യും. നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 31 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നഗരത്തിൽ സ്ഥാപിച്ച സി.സി.ടി.വി സ്വിച്ച് ഓൺ ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് സ്വാഗതം പറഞ്ഞു. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സുനിൽ ദാസ്, വിദ്യാഭ്യാസ കലാ-കായിക സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റൂബി ഖാലിദ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ദീപ്തി ഷൈലേഷ്, പറശ്ശേരി അസൈനാർ, പി. രാജൻ, സുരേഷ് പാറത്തൊടി, കെ. മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.
കൗൺസിലർമാരായ ഈസ നമ്പ്രത്ത്, ശിഹാബ് പാറക്കൽ, തസ്ലീമ നദീർ, താഹിറ ഇസ്മായിൽ, കെ.വി. ശൈലജ, ആബിദ മൻസൂർ, ബദരിയ്യ മുനീർ, സുബിത രാജൻ, ഷാഹിന റസാഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.