വളാഞ്ചേരി: വളാഞ്ചേരിയിലെ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക് ശനിയാഴ്ച 21ാം വർഷത്തിലേക്ക് കടക്കുകയാണ്. അർബുദം, പക്ഷാഘാതം, വൃക്ക രോഗങ്ങൾ, ജനിതക രോഗങ്ങൾ, തളർവാതം, പാരാപ്ലീജിയ, ഡിമൻഷ്യ രോഗികൾക്കും ജന്മനാ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ഒറ്റപ്പെട്ട് ജീവിക്കുന്നവർക്കും ആശ്വാസമാവുകയാണ് ക്ലിനിക്.
വളാഞ്ചേരി ഗ്രാമപഞ്ചായത്തും തൊട്ടടുത്ത നാല് പഞ്ചായത്തുകളും പാലക്കാട് ജില്ലയിലെ മൂന്ന് പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചത്. രോഗികളുടെ ബാഹുല്യം കാരണവും പ്രവർത്തന സൗകര്യം പരിഗണിച്ചും ജില്ല സമിതിയുടെ സഹായത്തോടെ തൊട്ടടുത്ത പഞ്ചായത്തുകളിലെല്ലാം പുതിയ ക്ലിനിക്കുകൾ ആരംഭിച്ചു. ഇപ്പോൾ വളാഞ്ചേരി നഗരസഭയിലെ 33 വാർഡുകളും തൊട്ടടുത്ത ഗ്രാമപഞ്ചായത്തുകളിലെ ചില വാർഡുകളുമാണ് പ്രവർത്തന മേഖലയിൽ വരുന്നത്.
അർബുദ രോഗികളുടെ പരിചരണത്തിന് ആരംഭിച്ച പാലിയേറ്റിവ് പ്രസ്ഥാനം ഇന്ന് സമൂഹത്തിലെ പ്രയാസമനുഭവിക്കുന്ന മുഴുവനാളുകൾക്കും ആശ്വാസം നൽകാൻ ശ്രമിക്കുകയാണ്. രോഗീ പരിചരണം മാത്രമല്ല, കുടുംബത്തിന്റെയും സംരക്ഷണം ഒരുക്കുന്നു. ഒരു മാസം രണ്ട് ലക്ഷത്തിലധികം രൂപ ചെലവ് വരുന്നു. ശനിയാഴ്ച വിദ്യാർഥി കൂട്ടായ്മയുടെ സഹായത്തോടെ വിഭവ സമാഹരണം നടക്കും.
ബോധവത്കരണ പ്രചാരണം
കൽപകഞ്ചേരി: പാലിയേറ്റിവ് കെയർ ദിനാചാരണത്തിന്റെ ഭാഗമായി പുത്തനത്താണി ശാന്തി പാലിയേറ്റിവ് കെയർ സൊസൈറ്റി നടത്തിയ പാലിയേറ്റിവ് കെയർ വാരാചരണ സന്ദേശ ബോധവത്കരണത്തിന്റെയും ഫണ്ട് സമാഹരണത്തിന്റെയും ഉദ്ഘാടനം ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ നിർവഹിച്ചു.
എ.കെ.എം.എ. മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസിർ കരിങ്കപ്പാറ, വാർഡ് അംഗങ്ങളായ എം.കെ. സകരിയ, കെ.പി. ബാഷാ ബീഗം എന്നിവരും ശാന്തി പാലിയേറ്റിവ് ഭാരവാഹികളായ കെ.പി. ഇബ്രാഹിം എന്ന ബാവ, വി. പ്രേം കുമാർ, ഡോ. സി. മുഹമ്മദ്, കാലടി അബ്ദുൽ അസീസ്, പി.എം. ഇസ്മായീൽ, വി.പി. സുലൈഖ, സുഹറ അയ്യൂബ്, എ.പി. ജമീല, കെ.എൻ. അബ്ദുൽ ഗഫൂർ, കെ. അബൂഉമർ, മുഹമ്മദ് കുറുക്കോൾ, വി.പി. സാഹിർ എന്നിവരും പങ്കെടുത്തു.
ആതവനാട് ജി.എച്ച്.എസ്.എസ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ്, ചേരുലാൽ എച്ച്.എസ്.എസ് കുറുമ്പത്തൂർ, ചെറിയമുണ്ടം ജി.എച്ച്.എസ്.എസ്, ലൂമിനസ് കോളജ് വെട്ടിച്ചിറ, രണ്ടത്താണി ട്രസ്റ്റ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്.എസ്.എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ ആതവനാട്, വളവന്നൂർ, കല്പകഞ്ചേരി, തിരുനാവായ പഞ്ചായത്തുകളിലെ പതിനായിരത്തോളം പേർക്ക് പാലിയേറ്റിവ് സന്ദേശം കൈമാറി. വളന്റിയർമാർക്ക് അനൂഫ് പറവന്നൂർ, ഇബ്രാഹിം കുറുക്കോൾ, ആദിൽ രണ്ടത്താണി എന്നിവർ നേതൃത്വം നൽകി.
സാന്ത്വനപരിചരണത്തിന് സമ്പാദ്യ കുടുക്കകൾ
തിരൂർ: പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനത്തിന് കൈത്താങ്ങായി വിദ്യാർഥികളുടെ കാരുണ്യ കുടുക്കകൾ. പറവണ്ണ സലഫി ഇ.എം സ്കൂളിലെ ബുൾ ബുൾ യൂനിറ്റ് അംഗങ്ങളാണ് തങ്ങളുടെ സമ്പാദ്യ കുടുക്കകൾ പെയിൻ ആൻഡ് പാലിയേറ്റിവിന്റെ പ്രവർത്തനത്തിനായി കൈമാറിയത്. കിടപ്പ് രോഗികൾക്ക് മരുന്നും പരിചരണവും ഉറപ്പാക്കുന്ന പെയിൻ ആൻഡ് പാലിയേറ്റിവിന്റെ പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് വിദ്യാർഥികളുടെ സഹായമെത്തിയത്. വെട്ടം ആലിശ്ശേരിയിൽ പ്രവർത്തിക്കുന്ന കുഞ്ഞി ബാവ സ്മാരക പെയിൽ ആൻഡ് പാലിയേറ്റിവ് സെന്ററിനാണ് വിദ്യാലയത്തിലെ മുഴുവൻ ബുൾ ബുൾ അംഗങ്ങളും തങ്ങളുടെ കാരുണ്യ കുടുക്ക നൽകിയത്. സ്കൗട്ട് ലീഡർ ചിപ്പി രാജൻ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രധാനാധ്യാപകൻ ടി. മുനീർ, സ്കൗട്ട്, ബണ്ണി, ബുൾ ബുൾ ലീഡേഴ്സ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.